ADVERTISEMENT

സുഗതകുമാരി ഒരിക്കൽ എഴുതി: ഭൂമിക്ക് വന്യമൃഗങ്ങളെപ്പോലെ അവളുടെ മുറിവുകൾ നക്കിയുണക്കാൻ കഴിയും. നിങ്ങൾ ഒരു കൈത്താങ്ങ് നൽകിയാൽ മതി.

എഴുതുക മാത്രമല്ല , അവരതു നടപ്പാക്കുകയും ചെയ്തു. എൺപതുകളിലായിരുന്നു അത്. അട്ടപ്പാടിയിലെ ബാമ്മിയാംപടിക്കു പിന്നിലെ മലനിരകൾ അന്നു കരിഞ്ഞുണങ്ങിയിരുന്നു. നീർച്ചാലുകൾ വറ്റിവരണ്ടിരുന്നു. മെലിഞ്ഞ മരങ്ങളും മരക്കുറ്റികളും അതിരുകൾ അടയാളപ്പെടുത്തി. സുഗതകുമാരി അവിടെയെത്തുമ്പോൾ ഇതായിരുന്നു ചിത്രം.

കന്യകാത്വം നഷ്ടപ്പെട്ട വനഭൂമികൾ വീണ്ടെടുക്കാൻ സുഗതകുമാരി സ്വയം ഇറങ്ങി. പ്രകൃതിയെ ഉപാസിക്കുക മാത്രമായിരുന്നില്ല. പ്രകൃതിയെ പുനഃസൃഷ്ടിക്കുന്ന കവി കൂടിയായിരുന്നു സുഗതകുമാരി.

അവിടെ ആദിവാസികൾക്കിടയിൽ താമസിച്ച്, അവരോടൊപ്പം നിന്നു സുഗതകുമാരി സാഹസികമായ ഒരു പരീക്ഷണം നടത്തി. പണ്ടെങ്ങോ മരിച്ചുപോയ ഒരു കാടിനെ പുനരുജ്ജീവിപ്പിക്കാനുള്ള പരീക്ഷണം.

ചെലവ് കേന്ദ്ര സർക്കാരിനു കീഴിലുള്ള കപാർട് എന്ന സ്ഥാപനം വഹിക്കും. പണിയെടുക്കുന്നതു കുറെ ആദിവാസികളും തമിഴ് വംശജരും. ഇടനിലക്കാരോ കങ്കാണികളോ കരാറുകാരോ ഇല്ല. ഒറ്റച്ചേല ചുറ്റി, എണ്ണമയമില്ലാത്ത തലമുടി വാരിക്കെട്ടി, മൂക്കുത്തിയിട്ട പെണ്ണുങ്ങൾ പാട്ടുപാടി പണി ചെയ്യുന്നതു കണ്ടു കവിമനസ്സ് നിറഞ്ഞു.

കൂട്ടത്തിൽ വൃദ്ധനായ പൂശി മൂപ്പൻ നിറയെ കായും കിഴങ്ങും കാട്ടുമൃഗങ്ങളും കൂവരകു കൃഷിയും ഉണ്ടായിരുന്ന കാലത്തെ ഓർമിച്ചു. ആ കാടു വീണ്ടെടുക്കാനാണ് ഇപ്പോൾ പണിയെടുക്കുന്നത് എന്നത് അവരെ ഉത്സാഹഭരിതരാക്കി.

മണ്ണിൽ ഈർപ്പവും മനുഷ്യരുടെയും നാൽക്കാലികളുടെയും ആവാസവും ഉണ്ടായതോടെ മലകളുടെ മുറിവുകൾ ഉണങ്ങാൻ തുടങ്ങി. തൈകൾ പൊട്ടിമുളച്ചു. ആദിവാസികൾ ശേഖരിച്ചു കൊണ്ടുവന്ന കാട്ടുവിത്തുകൾ തഴച്ചുവളർന്നു. മെലിഞ്ഞ മരങ്ങളെല്ലാം തിടംവച്ചു. പച്ചപ്പു തിമർത്തു. കിളികളെത്തി. മുയലും കുറുക്കനും വന്നു.

മരിച്ചുപോയ ഒരു കാട് കാണക്കാണെ ഉയിർത്തെഴുന്നേൽക്കുകയായി. പുനർജനിച്ച ആ കാട്ടിൽനിന്ന് ആദിവാസികൾക്കു പുല്ലും പച്ചമരുന്നും കാട്ടുതേനും കിഴങ്ങുകളും കിട്ടി. അവരുടെ മണ്ണിന് ഈർപ്പവും വളക്കൂറും ഉണ്ടായി. മരക്കൊമ്പുകൾക്കു കീഴിൽ, മുളങ്കൂട്ടങ്ങൾക്കിടയിൽ തനിച്ചിരുന്ന് കവി കാടിന്റെ മണം ആസ്വദിച്ചു. കാടിന്റെ ഇരമ്പം കേട്ടു. പാഴ്ഭൂമി വാങ്ങി വനമാക്കി മാറ്റി സർക്കാരിനെ ഏൽപിച്ച സുഗതകുമാരി തിരുവനന്തപുരത്തേക്കു മടങ്ങി.

ബാമ്മിയാംപടിയിലെ വനത്തിന് അവർ ‘കൃഷ്ണവനം’ എന്നു പേരിട്ടു. വനം മടക്കിക്കൊണ്ടുവന്നതിന്റെ സന്തോഷം അടുത്ത കാലത്തും സുഗതകുമാരി പ്രകടിപ്പിച്ചിരുന്നു. ഇടയ്ക്കിടെ കവി കൃഷ്ണവനം സന്ദർശിച്ചു. ഇടയ്ക്ക് കാടിന്റെ അന്തേവസികൾ സ്രഷ്ടാവിനെ തേടിയും വന്നു.

ഈ മാതൃക മറ്റു മേഖലകളിൽ കൂടി തുടരാൻ സുഗതകുമാരി ആഗ്രഹിച്ചു. അട്ടപ്പാടി മുഴുവൻ പച്ചപിടിപ്പിക്കാൻ അതുകൊണ്ടു കഴിയുമായിരുന്നു. ആ ആഗ്രഹം പൂർത്തിയാക്കാൻ കഴിയാതെ അവർ പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com