20 എംഎൽഎമാർ, യുവാക്കൾ, പുതുമുഖങ്ങൾ; ചരിത്രം കുറിച്ച് കോൺഗ്രസ് പട്ടിക ഇന്ന്
Mail This Article
തിരുവനന്തപുരം ∙ പുതുമുഖ–യുവജന പ്രാതിനിധ്യത്തിൽ ചരിത്രം കുറിച്ച് കോൺഗ്രസ് സ്ഥാനാർഥി പട്ടിക . കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയ 81 പേരിൽ അൻപതിലേറെ പുതുമുഖങ്ങൾ; 8 വനിതകൾ. മലമ്പുഴ ഉൾപ്പെടെ ബാക്കി 11 സീറ്റിൽ കൂടി സ്ഥാനാർഥികളാവുകയും ഇന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ പുതുമുഖങ്ങൾ അൻപതിലേറെയാകും. വനിതാ–യുവജന പ്രാതിനിധ്യവും വർധിക്കും. 55 വയസ്സിൽ താഴെയുള്ള നാൽപതിലധികം പേർ പട്ടികയിലുണ്ട്. 4 ഡോക്ടർമാരെയും ഉൾപ്പെടുത്തി.
തലമുറ മാറ്റത്തിനു വേണ്ടി ഉയർന്ന ശക്തമായ ആവശ്യം ഉൾക്കൊള്ളുന്ന പട്ടികയാണ് ഹൈക്കമാൻഡ് മാർഗ നിർദേശപ്രകാരം തയാറാക്കിയത്. എ–ഐ വിഭാഗങ്ങൾക്ക് പട്ടികയിൽ ഏതാണ്ട് തുല്യവിഹിതമുണ്ട്. ഓരോ സീറ്റും ഓരോ ഗ്രൂപ്പിന് എന്ന വാശി ഗ്രൂപ്പ് നേതൃത്വങ്ങൾ വെടിഞ്ഞു. പട്ടികയിലെ വൻ മാറ്റം ചില മണ്ഡലങ്ങളിൽ പ്രതിഷേധങ്ങൾക്കു വഴി തുറന്നു. ഇന്നു പട്ടിക പ്രഖ്യാപിച്ചശേഷം പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ, ഇടഞ്ഞു നിൽക്കുന്നവരെ തണുപ്പിക്കാനുള്ള ശ്രമം നേതൃത്വം തുടങ്ങി. ഹൈക്കമാൻഡിന്റെ പച്ചക്കൊടി കിട്ടിയ 81 പേരും മണ്ഡലങ്ങളിൽ ഇന്നലെത്തന്നെ ഇറങ്ങി.
കെ.സി. ജോസഫ് ഒഴിച്ചുള്ള 20 സിറ്റിങ് എംഎൽഎമാരും മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വീണ്ടും ജനവിധി തേടും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേമത്തോ പുതുപ്പള്ളിയിലോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും.
എം. ലിജു (ആലപ്പുഴ), സതീശൻ പാച്ചേനി (കണ്ണൂർ), ഐ.സി. ബാലകൃഷ്ണൻ (വയനാട്) എന്നിവരാണ് മത്സരിക്കുന്ന ഡിസിസി പ്രസിഡന്റുമാർ. ഇരുപതോളം കെപിസിസി ഭാരവാഹികളും പാർലമെന്ററി രംഗത്തു ചുവടുവയ്ക്കാൻ ഇറങ്ങുന്നു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു ഭാരവാഹികളായ 8 പേർ പട്ടികയിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പാലക്കാട്ടും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് കോഴിക്കോട് നോർത്തിലും ജനവിധി തേടും.
മലമ്പുഴ കോൺഗ്രസിന്;ആകെ 92 സീറ്റ്
പാലക്കാട് ∙ യുഡിഎഫ് വാഗ്ദാനം ചെയ്ത മലമ്പുഴ സീറ്റിൽ മത്സരിക്കാനില്ലെന്നു ഭാരതീയ നാഷനൽ ജനതാദൾ. തീരുമാനം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ പറഞ്ഞു. ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ 92 ആകും. 2016 ൽ 85 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്.
English Summary: Congress candidate list