സോളർ തട്ടിപ്പ്; സരിതയ്ക്ക് 6 വർഷം കഠിനതടവ്

Mail This Article
കോഴിക്കോട് ∙ സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിൽ രണ്ടാം പ്രതി സരിത എസ്.നായർക്ക് 6 വർഷം കഠിനതടവും 40,000 രൂപ പിഴയും. കോഴിക്കോട് മജിസ്ട്രേട്ട് കോടതി(3)യുടേതാണ് വിധി. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്റീനിൽ ആയതിനാൽ പ്രത്യേക കേസായി പരിഗണിച്ച് മേയ് 6ന് വിധി പറയും. മൂന്നാം പ്രതി ബി.മണിമോനെ വിട്ടയച്ചു. കോഴിക്കോട് സെന്റ‌് വിൻസെന്റ‌് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42,70375 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണു കേസ്.
വഞ്ചന, ആൾമാറാട്ടം,വ്യാജ രേഖ ചമയ്ക്കൽ, തുടങ്ങി 4 വകുപ്പുകളിലായാണു ശിക്ഷ. വിധി പറയാൻ വച്ച കേസിൽ തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതിയുടെ വാറന്റ് പ്രകാരം സരിതയെ പൊലീസ് അറസ്റ്റ് ചെയ്താണ് കോടതിയിൽ ഹാജരാക്കിയത്.
വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്നായിരുന്നു പരാതി. സരിതയെ വനിതാ തടവുകാരുടെ ക്വാറന്റീൻ കേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.
Content Highlights: Solar case: Saritha Nair