പിറന്നാൾ മധുരവുമായി പിജെ ആർമി; എൺപതിന്റെ നിറവിൽ പി.ജെ. ജോസഫ്

Mail This Article
തൊടുപുഴ∙ എൺപതിന്റെ നിറവിൽ പിറന്നാൾ ആഘോഷിച്ച കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന് ആശംസകൾ നേർന്നു മലയാളനാട്. രാവിലെ ഭാര്യ ഡോ. ശാന്ത, മക്കളായ അപു ജോൺ, ഡോ. യമുന, ആന്റണി എന്നിവരും മരുമക്കളും കൊച്ചുമക്കളും ചേർന്നു കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ പുറപ്പുഴയിലെ ജോസഫിന്റെ വസതിയിലെത്തി ആശംസകൾ അറിയിച്ചു. യുഡിഎഫിനു കരുത്തു പകർന്ന നേതാവാണ് പി.ജെ. ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റുവാങ്ങിയ യുഡിഎഫിനു ശക്തിപകരാനുള്ള നാളുകളാണു വരാനിരിക്കുന്നതെന്നും അതിൽ ജോസഫിന്റെ പാർട്ടി പ്രധാന പങ്കുവഹിക്കുമെന്നും സതീശൻ പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി, മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, റോയി കെ പൗലോസ്, എസ്.അശോകൻ, സി.പി. മാത്യു, എന്നിവർ വീട്ടിലെത്തി ആശംസകൾ നേർന്നു. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി, സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവർ ഫോണിലൂടെ ആശംസകൾ അറിയിച്ചു. കേരള കോൺഗ്രസ് നേതാക്കളായ കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ടി.യു. കുരുവിള എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും വീട്ടിലെത്തിയിരുന്നു.
തൊടുപുഴയിൽ വനിതാ സെൽ നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു വനിതാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലും ജോസഫ് ഇന്നലെ പങ്കെടുത്തു.
English Summary: PJ Joseph MLA 80th birth day celebrations