ADVERTISEMENT

മാഹി ∙ മയ്യഴി വിമോചനസമര നേതാവും പ്രമുഖ സോഷ്യലിസ്റ്റും കവിയും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ (100) അന്തരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് 27 മുതൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു അന്ത്യം. മൃതദേഹം വൈകിട്ട് 5 വരെ ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ എരഞ്ഞോളി പാലത്തിനു സമീപം കണ്ടിക്കലിലെ നിദ്രാതീരം ശ്മശാനത്തിൽ സംസ്കരിച്ചു. മകൻ രാജീവ്‌ മംഗലാട്ട് അന്ത്യകർമങ്ങൾ നടത്തി. കേരള സർക്കാരിനു വേണ്ടിയും പുതുച്ചേരി സർക്കാരിനു വേണ്ടിയും മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കൾ: ദിലീപ് (സൗദി), രാജീവ്‌ (കോർപറേറ്റ് മാനേജർ, ലീലാ ഗ്രൂപ്പ്‌, ബെംഗളൂരു), ശ്രീലത, പരേതനായ പ്രദീപ്‌ (കെൽട്രോൺ). മരുമക്കൾ: പ്രഭ, അനിത, ജീജ, പ്രേമരാജൻ.

 മംഗലാട്ട് ചന്തുവിന്റെയും കുഞ്ഞിപ്പുരയിൽ മാധവിയുടെയും മകനായി 1921 സെപ്റ്റംബർ 20നാണു ജനനം. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനിൽ ആകൃഷ്ടനായി പൊതുരംഗത്ത് എത്തിയ രാഘവന് ഗാന്ധിജിയാണ് ആവേശം പകർന്നത്. മയ്യഴി വിമോചന പോരാട്ടത്തിൽ മുൻ നിരയിൽ ഐ.കെ.കുമാരനും സി.ഇ.ഭരതനുമൊപ്പം പ്രവർത്തിച്ച രാഘവൻ ഫ്രഞ്ച് നിയമങ്ങളെ ലംഘിച്ച് സ്വാതന്ത്ര്യ സമര കാലത്ത് സജീവമായി. മാഹിയിലെ പൊതുയോഗങ്ങളിൽ വിദേശീയരെ പങ്കെടുപ്പിക്കരുതെന്ന നിയമത്തെ വെല്ലുവിളിച്ച് കെ.ബി.മേനോനെ പങ്കെടുപ്പിച്ചതിന് 3 മാസം തടവുശിക്ഷ അനുഭവിച്ചു. മയ്യഴിയിലെ ഒക്ടോബർ വിപ്ലവത്തിന്റെ പേരിൽ ഫ്രഞ്ച് ഭരണകൂടം 20 വർഷം തടവിനും 1000 ഫ്രാങ്ക് പിഴയടയ്ക്കാനും വിധിച്ചെങ്കിലും മയ്യഴിക്കു പുറത്തായതിനാൽ ശിക്ഷ അനുഭവിക്കേണ്ടി വന്നില്ല. 1942ൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചോമ്പാൽ റെയിൽ തീവയ്പ് കേസിൽ അറസ്റ്റിലായ മംഗലാട്ട് ചോമ്പാൽ എംഎസ്പി ക്യാംപിലും ക്രൂര മർദനത്തിന് ഇരയായി. 

സ്വതന്ത്രമാക്കപ്പെട്ട മയ്യഴിയുടെ ജനകീയ സർക്കാരിൽ അംഗമായിരുന്നു. പിന്നീട് മാതൃഭൂമിയിൽ പത്രപ്രവർത്തകനായി. വിരമിച്ച ശേഷം സാഹിത്യരചനയിൽ സജീവമായി. ഫ്രഞ്ച് കവിതകൾ, ഫ്രഞ്ച് പ്രണയകവിതകൾ, വിക്ടർ ഹ്യൂഗോയുടെ കവിതകൾ എന്നിവയാണു പുസ്തകങ്ങൾ. വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. അയ്യപ്പപണിക്കർ പുരസ്കാരം, എം.എൻ.സത്യാർത്ഥി പുരസ്കാരം, മയിൽപ്പീലി പുരസ്കാരം എന്നിവയും ലഭിച്ചു. കോണോർവയൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലതാ നികേതനിലായിരുന്നു താമസിച്ചിരുന്നത്.

മംഗലാട്ട് രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബ്രിട്ടിഷ് -ഫ്രഞ്ച് സാമ്രാജ്യത്വ ശക്തികൾക്കെതിരെ സമരം നടത്തിയ ധീര ദേശാഭിമാനിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

English Summary: Mahe freedom fighter Mangalat Raghavan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com