ADVERTISEMENT

കൊച്ചി ∙ ബാലാജി കോഫി ഹൗസിൽ വലിയൊരു ഗ്ലോബുണ്ട്. എവിടെയൊക്കെ ഇനി പോകാനുണ്ടെന്ന് വിജയനും മോഹനയ്ക്കും ഇടയ്‌ക്കിടയ്‌ക്കു തിരിച്ചു നോക്കാനായിരുന്നു ആ ഗ്ലോബ്. സ്കൂൾ ഫീസ് കൊടുക്കാൻ വച്ചിരുന്ന ആറേകാൽ രൂപ കൊണ്ടു ചേർത്തലയിൽ നിന്നു എറണാകുളത്തേക്കു നടത്തിയതായിരുന്നു വിജയന്റെ ആദ്യ യാത്ര. സ്കൂളിൽ പഠിക്കുന്ന കാലത്തു ഡൽഹിയും ഹരിദ്വാറും കാണാൻ നാടുവിട്ട ചരിത്രവുമുണ്ട്. കല്യാണം കഴിഞ്ഞ സമയത്തു കടം വീട്ടാനെന്ന േപരിൽ മോഹനയുടെ മാല വാങ്ങി യാത്രയ്ക്കു പോയിട്ടുണ്ട്. അത്രമാത്രം യാത്രകളെ സ്നേഹിച്ചിരുന്നു വിജയൻ. കല്യാണം കഴിഞ്ഞതോടെ ഇരുവരും ഒരുമിച്ചായി പിന്നീടുളള യാത്രകൾ. 

2007 ൽ തിരുപ്പതി യാത്ര കഴിഞ്ഞു വിശ്രമിക്കുമ്പോൾ ആകാശത്തു വണ്ട വിമാനമാണു വിദേശ യാത്രയെന്ന സ്വപ്നത്തിന്റെ വിത്തുകൾ ആദ്യം വിജയന്റെ മനസ്സിൽ വിതച്ചത്. തിരികെ വീട്ടിലെത്തിയപ്പോൾ ടിവിയിൽ കണ്ട വിശുദ്ധ രാജ്യ സന്ദർശനത്തിന്റെ പരസ്യത്തിനു പിന്നാലെ പോയതോടെ 2008 ലെ പുതുവർഷപ്പുലരിക്ക് ഈജിപ്തിൽ നൈൽ നദിയിലുള്ള ബോട്ടിൽ അവസരമൊരുങ്ങി. ആദ്യ വിദേശ യാത്രയിൽ ഈജിപ്‌ത്, ജോർദാൻ, പലസ്‌തീൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളാണു സന്ദർശിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ഗൾഫ് മേഖലയിലെയും യൂറോപ്പിലെയും രാജ്യങ്ങൾ കണ്ടു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഓസ്‌ട്രിയ, ഇറ്റലി, വത്തിക്കാൻ, സ്വിറ്റ്‌സർലൻഡ ...പട്ടിക നീളുന്നു. ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പയെ കണ്ടതു മറക്കാനാവാത്ത ഓർമകളിലൊന്ന്. 

ഇസ്രയേലായിരുന്നു വിജയന്റെ പ്രിയപ്പെട്ട സ്‌ഥലം. എസ്‌ബിഐ കതൃക്കടവ് ശാഖ, കടവന്ത്ര പീപ്പിൾസ് അർബൻ സഹകരണ സൊസൈറ്റി എന്നിവയിൽ നിന്നു വായ്പയെടുത്തായിരുന്നു പലപ്പോഴും യാത്രകൾ. 2014 ൽ അമേരിക്കൻ യാത്രയ്ക്കു അമിതാഭ് ബച്ചനും അനുപം ഖേറും 50,000 രൂപ വീതം നൽകിയപ്പോൾ ബെംഗളൂരുവിലെ അജ്ഞാതരായ സുഹൃത്തുക്കൾ സമാഹരിച്ചു നൽകിയത് 2 ലക്ഷം രൂപയായിരുന്നു. ഓരോ പരിപാടിക്കു ക്ഷണിക്കുമ്പോഴും സംഘാടകർ നൽകുന്ന പണം പൂർണമായി യാത്രയ്ക്കായി മാറ്റിവയ്ക്കുമായിരുന്നു വിജയൻ. 

കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയ്ക്കു പോകുമ്പോൾ ഇനി ഒരു യാത്രയ്ക്ക് ഒരുമിച്ചുണ്ടാകുമോയെന്നു വിജയൻ ചോദിച്ചിരുന്നതായി മകൾ ശശികല നിറകണ്ണുകളോടെ ഓർക്കുന്നു. പല യാത്രകളിലും മക്കളായ ശശികലയും ഉഷയും അനുഗമിച്ചിട്ടുണ്ട്. അർബുദ രോഗത്തെ തളരാത്ത മനസ്സ് കൊണ്ടു തോൽപ്പിച്ചയാളാണു വിജയൻ. ആരോഗ്യം മെച്ചപ്പെട്ടുവെന്നു തോന്നിയപ്പോഴാണു റഷ്യൻ യാത്രയ്ക്കു തയാറെടുത്തത്. ഒട്ടേറെ പേർ വിജയന്റെയും മോഹനയുടെ യാത്രകളെ കുറിച്ച് കേട്ടറിഞ്ഞ് സലിം രാജൻ റോഡിലെ കടയിലെത്തുമായിരുന്നു. അങ്ങനെ വരുന്നവരോടു കഥകൾ പറയാൻ ഇനി വിജയനില്ല. മോഹനയെ തനിച്ചാക്കി വിജയൻ തിരികെ വരാത്ത ദൂരത്തേക്കു പോയിരിക്കുന്നു. 

∙ കെ.ആർ.വിജയൻ: (റഷ്യൻ യാത്രയ്ക്കു 2 ദിവസം മുൻപു മനോരമ ട്രാവലർ മാഗസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്) 

‘വീൽ ചെയറിലിരുന്നാണെങ്കിലും മോഹം തോന്നിയ രാജ്യങ്ങളെല്ലാം കാണണം, കാൻസർ ബാധിതനാണെന്നു 8 മാസം മുൻപ് അറിഞ്ഞു. പക്ഷേ, അതെന്റെ മനസ്സിനെ തൊടാൻ അനുവദിച്ചിട്ടില്ല. ഞാനിപ്പോൾ റഷ്യൻ യാത്രയുടെ ത്രില്ലില്ലാണ്. ലക്ഷ്യബോധമുണ്ടെങ്കിൽ ആർക്കും വിദേശ യാത്ര നടത്താം. മനസ്സുകൊണ്ട്് ഞാൻ കോടീശ്വരനാണ്’ 

∙ എൻ.എസ്.മാധവൻ: (വിജയനെ പറ്റി കഥാകൃത്ത്ട്വിറ്ററിൽ കുറിച്ചത്) 

ആഴ്ചയിൽ 2 ദിവസം എനിക്കും ചായയും പലഹാരങ്ങളും തന്നിരുന്നയാൾ. ലോക സഞ്ചാരി, യാത്രാനുഭവങ്ങളുടെ കഥാകാരൻ, ഹൃദയം കൊണ്ടു ചെറുപ്പക്കാരനായ കൂട്ടുകാരൻ, ലോകസഞ്ചാരിയായ ചായ വിൽപനക്കാരൻ വിജയൻ ഇനിയില്ല. റഷ്യയിൽ പോയി മടങ്ങിയ വിജയൻ, പുടിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. 

Content Highlight: Vijayan, Travel

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com