മകൻ മരിച്ചതറിയാതെ മാതാപിതാക്കൾ; മൃതദേഹം കാണിക്കാൻ വിസമ്മതിച്ചു

Mail This Article
കിഴക്കമ്പലം ∙ ദീപുവിന്റെ വേർപാട് ഹൃദ്രോഗികളായ മാതാപിതാക്കളെ അറിയിച്ചിട്ടില്ല. മർദനത്തിൽ ഭയന്നു പോയ ദീപു തലയിലും വയറിനും ഗുരുതരമായി പരുക്കേറ്റെങ്കിലും വിവരം ആരോടും പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ പോയാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. അക്രമികളാകട്ടെ ദീപു പുറത്തുവരുന്നതു തടയാൻ വീടിനു മുന്നിൽ കാവൽ നിൽക്കുകയും ചെയ്തു. ദീപുവിന്റെ ആരോഗ്യനില മോശമായ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.
ആക്രമണ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്തംഗത്തെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തെന്നും ആരോപണമുണ്ട്. അയൽവാസികളുടെ ഉൾപ്പെടെ സഹായത്തോടെയാണു ദീപുവിനെ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ വൈകിയതോടെ തലച്ചോറിലേക്കു രക്തസ്രാവമുണ്ടായി.
അതേസമയം, ദീപുവിനെ കഴുത്തിനു കുത്തിപ്പിടിച്ചു തലയ്ക്കടിച്ചുവെന്നും ആശുപത്രിയിൽ പോകരുതെന്നു ഭീഷണിപ്പെടുത്തിയെന്നും സംഭവത്തിനു ദൃക്‌സാക്ഷിയായ പഞ്ചായത്തംഗം നിഷ അലിയാർ പറഞ്ഞു.
മൃതദേഹം കാണിക്കാൻ വിസമ്മതിച്ചു; ആശുപത്രിയിലും സംഘർഷം
ആലുവ ∙ ട്വന്റി 20 പ്രവർത്തകൻ ദീപു മരിച്ചതറിഞ്ഞ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെത്തിയവരെ മൃതദേഹം കാണിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നു സംഘർഷാവസ്ഥ. ട്വന്റി 20 പ്രവർത്തകരും നാട്ടുകാരും മോർച്ചറിയുടെ മുൻപിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പഞ്ചായത്ത് അംഗം നിഷ അലിയാർ കുഴഞ്ഞുവീണു. 14ന് ആശുപത്രിയിൽ എത്തുമ്പോൾ ദീപു കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും മരണശേഷം നടത്തിയ പരിശോധനയിൽ പോസിറ്റീവായി. അതിനാൽ അടുത്ത ബന്ധുക്കളെ മാത്രമേ മൃതദേഹം കാണിക്കാനാവൂ എന്നു പൊലീസ് നിലപാടെടുത്തു. ഇതു നുണയാണെന്നും എംഎൽഎയെ സഹായിക്കാനുള്ള പൊലീസിന്റെ അടവാണെന്നും ആരോപിച്ചായിരുന്നു ബഹളം.
കൊലയ്ക്കു പിന്നിൽ എംഎൽഎ: സാബു എം.ജേക്കബ്
കിഴക്കമ്പലം ∙ ദീപുവിനെ മർദിച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ സ്ഥലം എംഎൽഎ പി.വി.ശ്രീനിജിൻ ആണെന്നു ട്വന്റി 20, കിറ്റെക്സ് ചെയർമാൻ സാബു എം. ജേക്കബ്. എല്ലാ സ്ഥലത്തും ഗുണ്ടകളെ അഴിച്ചു വിട്ടിരിക്കുകയാണ്. എവിടെയും പോയി എന്തും ചെയ്തോ, നോക്കിക്കൊള്ളാം എന്ന തുറന്ന ലൈസൻസ് കൊടുത്തിരിക്കുകയാണ്. വളരെ സമാധാനപരമായാണു പ്രവർത്തകർ പ്രതിഷേധിച്ചത്. ജാഥയോ പിക്കറ്റിങ്ങോ നടത്തിയിട്ടില്ല. വീട്ടിലെ വിളക്കണച്ചു പ്രതിഷേധിച്ചതിനാണ് ഒരാളെ അടിച്ചു കൊന്നത്. സംഭവം നടക്കുമ്പോൾ എംഎൽഎ അടുത്ത വീട്ടിലുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദി എംഎൽഎയാണ്, സാബു എം. ജേക്കബ് പറഞ്ഞു.
വസ്തുതകൾ പുറത്തുകൊണ്ടുവരണം: പി.വി. ശ്രീനിജിൻ
കിഴക്കമ്പലം ∙ ദീപുവിന്റെ മരണം സംബന്ധിച്ചു നിഷ്പക്ഷ അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നു പി.വി.ശ്രീനിജിൻ എംഎൽഎ ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വസ്തുതകൾ പുറത്തു വരേണ്ടതുണ്ട്. തനിക്കെതിരെ വ്യക്തിപരമായി വ്യാജ ആരോപണവും വ്യക്തി അധിക്ഷേപവും നടത്തിയ ട്വന്റി 20 പഞ്ചായത്ത് അംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
Content Highlight: Kizhakkambalam Deepu death