ഹരിദാസൻ വധം: പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന

Mail This Article
ന്യൂമാഹി (കണ്ണൂർ)∙ പുന്നോലിലെ സിപിഎം പ്രവർത്തകൻ കെ.ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പറ്റി അന്വേഷണ സംഘത്തിനു വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി സൂചന. തലശ്ശേരി മേഖലയിൽ നിന്നുള്ള, ആത്മജന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. ഇതു ബിജെപി ബന്ധമുള്ള സംഘമാണെന്നാണു പൊലീസിനു ലഭിച്ച വിവരം.
പുന്നോലിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്ത ഫോണുകളിലെ വാട്സാപ് സന്ദേശങ്ങളുമൊക്കെ വച്ച് ശാസ്ത്രീമായ തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് അഡീഷനൽ എസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം. ഫൊറൻസിക് വിദഗ്ധർ ഇന്നലെ സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു വീട് പരിശോധിച്ചു.
പുന്നോൽ സ്വദേശിയായ ബിജെപി പ്രവർത്തകൻ നിജിൻദാസിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. നിജിൻദാസിനെ ബുധൻ പകൽ മുഴുവൻ ചോദ്യം ചെയ്തിരുന്നു. പുന്നോൽ സ്വദേശികളായ 3 ബിജെപി പ്രവർത്തകരെയും ഇന്നലെ ചോദ്യം ചെയ്തു. ഫോൺ കോൾ വിളികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ.
കേസിൽ കണ്ണവം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ സുരേഷിനെ ചോദ്യം ചെയ്യലിനു ശേഷം ബുധൻ വൈകിട്ടു തന്നെ വിട്ടയച്ചിരുന്നു. ലിജേഷിന്റെ ബന്ധുവാണ് സുരേഷ്. സുരേഷിന്റെ വിളിപ്പേര് മണി എന്നാണ്. കേസിൽ റിമാൻഡിലുള്ള സുനേഷിന്റെയും വിളിപ്പേര് മണിയെന്നാണ്. ഈ ആശയക്കുഴപ്പം കൊണ്ടാകും തന്നെ വിളിച്ചതെന്നാണ് സുരേഷിന്റെ മൊഴി.
English Summary: Haridas murder case investigation