പോക്സോ കേസ് പ്രതികളെ രക്ഷിക്കുന്നത് ‘കലിഫോർണിയ’ ബന്ധമെന്ന് മൊഴി

Mail This Article
കൊച്ചി ∙ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് ഒന്നാം പ്രതിയായ പോക്സോ കേസിലെ മുഴുവൻ പ്രതികളെയും സംരക്ഷിക്കുന്നതു പേരിനൊപ്പം ‘ കലിഫോർണിയ ’ എന്നു ചേർത്തു സ്വയം പരിചയപ്പെടുത്തുന്ന പ്രവാസി ബിസിനസുകാരനാണെന്നു മൊഴി. കേസിലെ പ്രതിയായ അഞ്ജലി റീമദേവുമായി ഇയാൾ ഫോണിൽ സംസാരിച്ചതിനു പലതവണ സാക്ഷിയായിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
കേസിൽ പെട്ടാൽ ധൈര്യമായി തന്റെ പേരു പറഞ്ഞുകൊള്ളാൻ ഇയാൾ അഞ്ജലിയോടു നിർദേശിച്ചിട്ടുണ്ട്. എന്നാൽ കേസിൽപെട്ട റോയ്, അഞ്ജലി, സൈജു തങ്കച്ചൻ എന്നിവർ ഒരിക്കൽ പോലും ഈ പ്രവാസിയുടെ പേരു പൊലീസിനോടു വെളിപ്പെടുത്തിയിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ദിവസം നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന പെൺകുട്ടികളിൽ ഒരാൾ കേരളത്തിലെ ഉയർന്ന ഒരുദ്യോഗസ്ഥന്റെ മകളായിരുന്നെന്നു പിന്നീടു മനസിലാക്കിയതായും മൊഴിയിലുണ്ട്.
ഇവർ 3 പേരും ചെയ്യുന്ന മുഴുവൻ കുറ്റകൃത്യങ്ങളിലും ‘കലിഫോർണിയ’ പ്രവാസിയും പങ്കാളിയാണെന്നും മറ്റു പ്രതികൾക്ക് ഇയാളെ ഭയമാണെന്നും പരാതിക്കാരി പറഞ്ഞു. വിദേശത്തു സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ആളിലേക്കാണ് പരാതിക്കാരിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം എത്തിയിരിക്കുന്നത്. ഇയാളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
English Summary : ‘California Achayan', Unknown person with high profile relations involved in No 18 POCSO Case