ഫിറ്റാകുമോ മരച്ചീനി ?
Mail This Article
തിരുവനന്തപുരം ∙ മരച്ചീനിയിൽനിന്നു മദ്യനിർമാണത്തിനാവശ്യമായ എഥനോൾ ഉൽപാദിപ്പിക്കാൻ 2 കോടി രൂപ ബജറ്റിൽ മാറ്റിവച്ചെങ്കിലും പദ്ധതിയുടെ പ്രായോഗികത സംശയകരം. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിനു 2 കോടി രൂപ ഇതിനായി നൽകുമെന്നാണു ബജറ്റ് പ്രഖ്യാപനം. എന്നാൽ, ഇതേ കേന്ദ്രത്തിൽ 40 വർഷം മുൻപു പരീക്ഷിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ് ഈ സാങ്കേതിക വിദ്യ.
നിലവിൽ സ്റ്റാർച്ചിൽനിന്നാണു സ്പിരിറ്റ് ഉണ്ടാക്കുന്നത്. ഒരു കിലോ സ്റ്റാർച്ച് ലഭിക്കാൻ വേണ്ടത് 6 കിലോ മരച്ചീനി. ഒരു കിലോ സ്റ്റാർച്ചിൽനിന്നു ലഭിക്കുക പരമാവധി 400 മില്ലി ലീറ്റർ എഥനോൾ. കർഷകരിൽനിന്നു കിലോഗ്രാമിനു 10 രൂപയ്ക്കു കപ്പ സംഭരിച്ചാൽ 15 കിലോയ്ക്കു മാത്രം 150 രൂപയാകും. സ്റ്റാർച്ചിനെ ഗ്ലൂക്കോസാക്കുന്ന ഹ്രൈഡ്രോളിസിസ് പ്രക്രിയ, ഫെർമന്റേഷൻ എന്നിവയ്ക്ക് ആവശ്യമായ ആസിഡിനും എൻസൈമിനും മാത്രമല്ല, ജീവനക്കാർക്കും പ്ലാന്റിനുമെല്ലാം ചെലവു വരും. കരിമ്പുചണ്ടിയിൽ നിന്നുണ്ടാക്കുന്ന സ്പിരിറ്റ് ഒരു ലീറ്റർ 60–70 രൂപയ്ക്കു കിട്ടുമ്പോഴാണ് ഇരട്ടിയിലധികം രൂപ മരച്ചീനി സ്പിരിറ്റിനു മുടക്കേണ്ടി വരിക. 40 വർഷം മുൻപു പരീക്ഷിച്ച ഈ സാങ്കേതിക വിദ്യ വാങ്ങിയ പാലക്കാട്ടെയും ചെന്നൈയിലെയും ഡിസ്‌റ്റിലറികൾ പൂട്ടി.
പഴങ്ങളിൽനിന്നു വീര്യം കുറഞ്ഞ മദ്യമുണ്ടാക്കുമെന്നാണു ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. വൈൻ ഉൽപാദനമാണു ലക്ഷ്യം. ഇതിനു ചെറുകിട നിർമാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുമെന്നാണു ബജറ്റിൽ വ്യക്തമാക്കുന്നത്.
Content Highlight: Government of Kerala, Kerala Budget 2022, KN Balagopal