ഒരു കുട്ടനാടൻ ബറുവ; ആരാധന തുറന്നുപറഞ്ഞ് തോമസ് കെ.തോമസ്

Mail This Article
കോൺഗ്രസിൽ ജനാധിപത്യം വേണമെന്ന് ആവശ്യപ്പെട്ടും വംശാധിപത്യത്തിൽ പ്രതിഷേധിച്ചുമാണ് ശരദ് പവാറും കൂട്ടരും എൻസിപി രൂപീകരിച്ചത്. എൻസിപിയുടെ കേരളത്തിലെ നിയമസഭാ കക്ഷി നേതാവായ തോമസ് കെ.തോമസിന് മുഖ്യമന്ത്രിയോടുള്ള തന്റെ ആരാധന ചിലർക്കു ബോധിക്കുന്നില്ലെന്നു തോന്നൽ. പരിഹാരം കാണാൻ അദ്ദേഹം കോൺഗ്രസിന്റെ ചരിത്രത്തിലേക്കു പോയി: ‘‘ഇന്ത്യ എന്നാൽ ഇന്ദിരയാണ്, ഇന്ദിര എന്നാൽ ഇന്ത്യയും എന്നു ഡി.കെ.ബറുവ പറഞ്ഞില്ലേ. നല്ല കാര്യമല്ലേ, എന്താണു കുഴപ്പം!’’
കുട്ടനാട്ടുകാരനായ തോമസിന്റെ യുക്തി ലളിതം. ഇന്ദിരാഗാന്ധിയെ പോലെ പ്രഗത്ഭയായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. പിണറായി വിജയനു പകരം വയ്ക്കാവുന്ന മുഖ്യമന്ത്രിയും ഉണ്ടാവില്ല. എൻസിപിയിൽ നിന്നു തന്നെ ഒരു അഭിനവ ബറുവ ഉദയം ചെയ്തു.
എൻസിപി വിട്ടെങ്കിലും പവാറിനെ കണ്ടു ചർച്ച നടത്തിയ മാണി സി.കാപ്പൻ എഴുന്നേറ്റതോടെ സഭയാകെ അദ്ദേഹത്തെ നോക്കി. ബജറ്റിനെ തലോടാൻ അദ്ദേഹം മുതിരുമോ? പക്ഷേ, പാലായെ ഉൾപ്പെടെ തഴഞ്ഞ ബജറ്റിനെ പൂർണമായും കാപ്പൻ നിരാകരിച്ചു.
ഉത്തരേന്ത്യയിൽ നിലംപരിചായ കോൺഗ്രസും അവരെ പിന്തുണയ്ക്കുന്ന ലീഗും ഇനിയെങ്കിലും തിരുത്താൻ തയാറാകണമെന്ന അഭിപ്രായമുള്ള കെ.പി.കുഞ്ഞമ്മദ് കുട്ടി പറ്റിയ സമയം ഈ വരുന്ന റമസാൻ മാസമാണെന്ന് ഓർമിപ്പിച്ചു. ‘നാഥാ, ഇവരുടെ മാറ്റിച്ചിന്തയ്ക്ക് പ്രേരണ നൽകണേ..’ അദ്ദേഹം പ്രാർഥിച്ചു.
സിപിഎമ്മുകാർ ഇങ്ങനെ പ്രാർഥിക്കുന്നതാണ് യഥാർഥ മാറ്റമെന്നായി കുഞ്ഞാലിക്കുട്ടി. അതിനിടെ, ‘കെ– റെയിലിനെ ഞങ്ങൾ എതിർക്കുന്നില്ല’ എന്ന കുഞ്ഞാലിക്കുട്ടിയുടെ ഒരു വാചകത്തിൽ ഭരണപക്ഷം പിടിച്ചു; കയ്യടികൾ ഉയർന്നു. അപകടം മണത്ത കുഞ്ഞാലിക്കുട്ടി ഉടൻ തിരുത്തി. പദ്ധതി പ്രായോഗികമല്ല; അടിസ്ഥാന മാറ്റം വേണം.
ഏതു നിമിഷവും ഇടപെട്ടുകളയും എന്ന ഭാവത്തോടെ സഭയിൽ ഉണ്ടാകാറുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.ബാബുവും പെട്ടെന്ന് അലസരും മൗനികളുമായെന്ന് യു.ജനീഷ് കുമാറിനു സങ്കടം. കോൺഗ്രസുകാർക്കു മോഹഭംഗം ഉണ്ടാകുന്നതിൽ തെറ്റു പറയാൻ കഴിയില്ലെന്ന് അദ്ദേഹം സമാധാനിച്ചു.
പൊതുവിപണിയിലെ വിലക്കയറ്റം അടിയന്തര പ്രമേയ നോട്ടിസായി അവതരിപ്പിച്ച റോജി എം.ജോണിനോട് വല്ലാതെ തർക്കിക്കാൻ മന്ത്രി ജി.ആർ.അനിൽ തുനിഞ്ഞില്ല. സപ്ലൈകോ വില പിടിച്ചു നിർത്തുന്നുണ്ടെങ്കിലും പുറത്തു ചില സാധനങ്ങൾക്ക് വില കയറുന്നുണ്ടെന്നു മന്ത്രി സമ്മതിച്ചു.
എന്നാൽ, തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ചതോടെ കളി മാറി. എസ്എഫ്ഐക്കാരെ മുഖ്യമന്ത്രി കയറൂരി വിടുന്നെന്നു ചൂണ്ടിക്കാട്ടി പ്രകോപിതനായ സതീശന് കെഎസ്‌യുവിന്റെ തകർച്ചയും എസ്എഫ്ഐയുടെ വളർച്ചയും കണ്ട് പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലായിപ്പോയെന്നാണ് പിണറായി മറുപടി നൽകിയത്.
ഇന്നത്തെ വാചകം
‘ലോകസമാധാനത്തിനു 2 കോടി രൂപ നീക്കിവച്ചതിനെ വിമർശിക്കുന്ന പ്രതിപക്ഷം പാബ്ലോ പിക്കാസോ ജീവിച്ചിരുന്നെങ്കിൽ സമാധാനത്തിനായി അദ്ദേഹം വരച്ച ‘ഗൂർണിക്ക’ എന്ന ചിത്രം വലിച്ചു കീറുമായിരുന്നു’ – മന്ത്രി കെ.എൻ.ബാലഗോപാൽ
Content Highlight: Kerala Assembly, Naduthalam