ADVERTISEMENT

തിരുവനന്തപുരം∙ ഒറ്റ ഫോൺ കോളിലൂടെയാണു വൻകിട കുറിയർ – ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്‌സിലേക്ക് രാജ് സുബ്രഹ്മണ്യം എന്ന രാജേഷ് സുബ്രഹ്മണ്യം ചെന്നു കയറിയത്. വിളിച്ചതു കമ്പനിയിൽനിന്നല്ല, അവിടെ ഒഴിവുണ്ടെന്നറിഞ്ഞു രാജേഷ് അങ്ങോട്ടു വിളിക്കുകയായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ നിയമിച്ചതു ജൂനിയർ അനലിസ്റ്റ് എന്ന ചെറിയ തസ്തികയിൽ. 31 വർഷത്തിനുശേഷം അതേ കമ്പനിയുടെ തലപ്പത്തെത്തിയതിനു സമർപ്പണവും കഠിനാധ്വാനവുമല്ലാതെ, കുറുക്കുവഴികളില്ല.

തിരുവനന്തപുരം ലയോള സ്കൂളിലെ പഠനത്തിനു ശേഷം മുംബൈ ഐഐടിയിൽനിന്നു കെമിക്കൽ എൻജിനീയറിങ് സ്വർണമെഡലോടെ വിജയിച്ച് ടാറ്റയുടെ സ്കോളർഷിപ്പിലാണ് രാജ് ന്യൂയോർക്കിലെ സൈറാക്യൂസ് സർവകലാശാലയിൽ ചേരുന്നത്. തുടർന്ന് ടെക്സസ് ഓസ്റ്റിൻ സർവകലാശാലയിൽനിന്ന് എംബിഎ.

അമേരിക്കയിൽ സാമ്പത്തികമാന്ദ്യത്തിന്റെ കാലമായിരുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും ജോലി കിട്ടാൻ ബുദ്ധിമുട്ട്. ഈ സമയത്താണ് ഫെഡെക്സ് കമ്പനി രാജേഷിന്റെ സർവകലാശാലയിൽ ക്യാംപസ് ഇന്റർവ്യൂ നടത്തിയത്. വിവാഹത്തിനായി ചെന്നൈയിലായിരുന്നതിനാൽ പങ്കെടുക്കാനായില്ല. തിരിച്ചെത്തി രണ്ടും കൽപിച്ചു ഫെഡെക്സ് കേന്ദ്ര ഓഫിസിലേക്കു ഫോൺ ചെയ്തു. ഇരുപത്തിനാലുകാരന്റെ ജോലി അഭ്യർഥന കമ്പനി ചെവിക്കൊണ്ടു. 

അങ്ങനെ 1991ൽ ജൂനിയർ അനലിസ്റ്റായി ജോലി. 1996ൽ ഏഷ്യ–പസിഫിക് മാർക്കറ്റിങ് വൈസ് പ്രസിഡന്റായി. പിന്നീട് കാനഡ റീജനൽ പ്രസിഡന്റും 2006ൽ ഗ്ലോബൽ മാർക്കറ്റിങ് മേധാവിയുമായി. 2019 ജനുവരിയിലാണ് ഫെഡെക്സിന്റെ കാർഗോ എയർലൈൻ ഉപകമ്പനിയായ ഫെഡെക്സ് എക്സ്പ്രസിന്റെ മേധാവിയായത്. 

അതിനു ശേഷം വെറും 3 മാസത്തിനുള്ളിലാണ് മാതൃകമ്പനിയായ ഫെഡെക്സ് കോർപറേഷന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായത്.

കുടുംബത്തിലെ 3 പേർ ഫെഡെക്സിൽ സഹപ്രവർത്തകരായി ജോലി ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്. അഹമ്മദാബാദ് ഐഐഎമ്മിൽ പഠിച്ചിറങ്ങിയ ഭാര്യ ഉമ 3 വർഷം മുൻപാണു ഫെഡെക്സിൽനിന്നു രാജിവച്ചത്. 

രാജിന്റെ ഇളയ സഹോദരൻ രാജീവ് 28 വർഷമായി കമ്പനിയുടെ ഐടി വിഭാഗത്തിലുണ്ട്. മകൻ അർജുൻ, രാജേഷിനൊപ്പം 4 വർഷമായി ജോലി ചെയ്യുന്നു. മകൾ അനന്യ കംപ്യൂട്ടർ സയൻസ് രണ്ടാംവർഷ ബിരുദ വിദ്യാർഥിനി.

വാർഷിക പ്രതിഫലം 100 കോടി?

രാജ് സുബ്രഹ്മണ്യത്തിന് നിലവിൽ പ്രതിഫലമായി പ്രതിവർഷം ലഭിക്കുന്നത് ഏകദേശം 62.32 കോടി രൂപ (82.37 ലക്ഷം ഡോളർ). സ്ഥാപക ചെയർമാനും നിലവിലെ സിഇഒയുമായ ഫ്രെഡറിക് ഡബ്ല്യു സ്മിത്തിന് ഒരു വർഷം ലഭിക്കുന്നതാകട്ടെ ഏകദേശം 108.37 കോടി രൂപയും (1.43 കോടി ഡോളർ). സിഇഒ സ്ഥാനത്തേക്ക് വരുന്ന രാജിന് ഇതിനോട് അടുപ്പിച്ചുള്ള തുക ലഭിക്കുമെന്നാണു സൂചന. ശമ്പളത്തിനു പുറമേ ബോണസ്, ഓഹരി അടക്കമാണ് വാർഷിക പ്രതിഫലം.

English Summary: Raj Subramaniam; FedEx

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com