ADVERTISEMENT

കോട്ടയം ∙ മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.പി.ഗോവിന്ദൻ നായർ (94) അന്തരിച്ചു. ഇന്നലെ രാവിലെ 8.15 നു കോട്ടയം ഈരയിൽക്കടവിലെ വസതിയായ ‘സുധർമ’യിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മികച്ച അഭിഭാഷകൻ കൂടിയായ ഗോവിന്ദൻ നായർ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. പൂഞ്ഞാർ കൊട്ടാരത്തിലെ ഗോദവർമ രാജയുടെ മകൾ പരേതയായ ബി. ശാരദാദേവിയാണു ഭാര്യ. മകൾ: സുധാദേവി. മരുമകൻ: കേണൽ പി.എസ്.സി.നായർ. 

കോട്ടയം പാറമ്പുഴ നാപ്പത്തിൽ പുത്തൻപുരയിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മനപ്പാട് പരമേശ്വരൻപിള്ളയുടെയും മകനായ ഗോവിന്ദൻ നായർ സിഎംഎസ് കോളജ്, ആലുവ യുസി കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് കോട്ടയം ബാറിൽ‌ അഭിഭാഷകനായി. 

1953ൽ 25–ാം വയസ്സിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കി. 1962ൽ 34–ാം വയസ്സിൽ ശങ്കർ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഏറ്റവും പ്രായം കുറ‍ഞ്ഞ മന്ത്രിയും. 1977ൽ ഉമ്മൻ ചാണ്ടി മന്ത്രിയാകുന്നതുവരെ ഈ റെക്കോർഡ് ഗോവിന്ദൻ നായരുടെ പേരിലായിരുന്നു. 

കേരള നിയമസഭയിലേക്കു നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി കോട്ടയം ഭാസിയോട് (പി.ഭാസ്കരൻ നായർ) പരാജയപ്പെട്ടു. 1960 ൽ കോട്ടയത്ത് നിന്നു കമ്യൂണിസ്റ്റ് പാർട്ടിയിലെ ആർ.രാഘവക്കുറുപ്പിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 1965, 1967 വർഷങ്ങളിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2012 മുതൽ 3 വർഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി.

കോട്ടയം ഡിസിസി പ്രസിഡന്റ് (1978–82), യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് (1956) കെപിസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, കേരള ഫിനാൻഷ്യൽ കോർപറേഷൻ എന്നിവയുടെ ചെയർമാൻ സ്ഥാനം വഹിച്ചു. മന്നത്തു പദ്മനാഭനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഗോവിന്ദൻ നായർ 1961ൽ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി. മലയാള മനോരമയ്ക്കു വേണ്ടി മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അന്തിമോപചാരം അർപ്പിച്ചു. 

English Summary: Former Minister MP Govindan Nair Passes Away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com