സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Mail This Article
തിരുവനന്തപുരം ∙ ദേശീയ ഗ്രിഡിൽനിന്നുളള വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ വൈകിട്ട് 6.30നും 11.30നുമിടയ്ക്ക് 15 മിനിറ്റ് വീതം നിയന്ത്രണം ഏർപ്പെടുത്തി.
ആന്ധ്രയിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതിയെത്തുകയും കോഴിക്കോട് താപനിലയം പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതോടെ 2 ദിവസത്തിനകം സാധാരണ നിലയാകുമെന്നാണു പ്രതീക്ഷ. നഗരങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. എന്നാൽ ‘നഗരങ്ങൾ’ എന്നതിനു വ്യക്തമായ നിർവചനം അധികൃതർ പറയുന്നില്ല.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾക്കു പുറമേ മുനിസിപ്പാലിറ്റികളെയും പരമാവധി ഒഴിവാക്കാനാണു ശ്രമമെങ്കിലും വൈദ്യുതി ലഭ്യത അനുസരിച്ചാകും തീരുമാനം. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 92.04 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം. ഇതു റെക്കോർഡാണ്. എസിയുടെയും മറ്റും ഉപയോഗം കൂടിയതാണു കാരണം.
English Summary: Power cut kerala today