ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിനു പുറത്തുനിന്നു വൈദ്യുതി ലഭിക്കുന്ന 27 നിലയങ്ങളിൽ മൂന്നെണ്ണം ഇറക്കുമതി ചെയ്ത കൽക്കരിയെ ആണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ആഴ്ചകളിലും പുറത്തു നിന്നു ലഭിക്കുന്ന വൈദ്യുതിക്കു ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, പീക്‌ലോഡ് സമയത്ത് 78 മെഗാവാട്ട് മാത്രമാണ് ഈ 3 നിലയങ്ങളിൽ നിന്നു ലഭിക്കുന്നത് എന്നതിനാൽ മറ്റു സംസ്ഥാനങ്ങളുടെ അത്ര പ്രതിസന്ധി കേരളത്തിന് ഉണ്ടാകില്ല. ഈ വർഷം ഒക്ടോബർ വരെ കൽക്കരി ക്ഷാമം തുടരാൻ സാധ്യതയുണ്ടെന്നാണ് എൻടിപിസി നൽകുന്ന സൂചന.

തൊട്ടിയാർ, പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതികൾ വേഗത്തിൽ കമ്മിഷൻ ചെയ്യാൻ നടപടി സ്വീകരിക്കുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ ബി.അശോക് അറിയിച്ചു. തൊട്ടിയാർ പദ്ധതിയിലെ 40 മെഗാവാട്ടിന്റെ ആദ്യ ജനറേറ്റർ 3 മാസത്തിനകം പ്രവർത്തന ക്ഷമമാകും. 30 മെഗാവാട്ടിന്റെ ജനറേറ്റർ അടുത്ത മാർച്ചിൽ കമ്മിഷൻ ചെയ്യും. ആകെ 70 മെഗാവാട്ട് വൈദ്യുതിയാണ് അവിടെ ഉൽപാദിപ്പിക്കുക.

പെരിങ്ങൽക്കുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം വേഗത്തിലാക്കും. അവിടെ സ്ഥാപിക്കുന്നതിനുള്ള ജനറേറ്ററുകൾ ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചു. 

ഇതിനിടെ, കോഴിക്കോട് നല്ലളം ഡീസൽ നിലയത്തിൽ ഉൽപാദനം പുനരാരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വൈകിട്ടോടെയാണ് പ്ലാന്റിലെ 2 ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. 16 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണ് നിലയത്തിലുള്ളത്. 

കായംകുളം നിലയത്തിൽ ഉൽപാദനം ആരംഭിക്കാൻ 45 ദിവസം എങ്കിലും എടുക്കും.

പുറത്തു നിന്നു വൈദ്യുതി വാങ്ങി ഉപയോഗിച്ചിരുന്ന വൻകിട ഉപയോക്താക്കൾ ബോർഡിന്റെ വൈദ്യുതിയിലേക്ക് മടങ്ങി എത്തിയതു മൂലമാണ് സംസ്ഥാനത്ത് ഉപയോഗം റെക്കോർഡ് ഭേദിച്ച് 9.29 കോടി യൂണിറ്റിൽ എത്തിയത്. കൽക്കരി ക്ഷാമം മൂലം ഇവർക്ക് പുറത്തു നിന്നു വൈദ്യുതി കിട്ടുന്നില്ല. 

വൻകിട ഉപയോക്താക്കൾ വീണ്ടും വൈദ്യുതി എടുത്തു തുടങ്ങിയതു മൂലം പീക് ലോഡ് സമയത്തെ ഉപയോഗത്തിൽ 125 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായത്. ഈ വിഭാഗം മാത്രം 24.4 ലക്ഷം യൂണിറ്റ് ഉപയോഗിക്കുന്നു.

English Summary: Coal shortage In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com