ക്വാറി ദൂരപരിധി 50 മീറ്റർ തന്നെ
Mail This Article
തിരുവനന്തപുരം ∙ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതുവരെ കേരളത്തിൽ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തുടരും. ഈയിടെ പുനഃസംഘടിപ്പിച്ച സംസ്ഥാന പരിസ്ഥിതി ആഘാതപഠന അതോറിറ്റിയുടെ ആദ്യ യോഗമാണു തീരുമാനമെടുത്തത്. 200 മീറ്ററാക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി, വിദഗ്ധ സമിതിയെ വച്ചുപഠിക്കാൻ ട്രൈബ്യൂണലിനോടു നിർദേശിച്ചിരിക്കുകയാണ്. തുടർന്ന് സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൽക്കാലം 50 മീറ്റർ പരിധിയുമായി മുന്നോട്ടുപോകാൻ കേരളം തീരുമാനിച്ചത്. ഹരിത ട്രൈബ്യൂണലിന്റെ അന്തിമ തീരുമാനമുണ്ടാകുന്നതിനും സുപ്രീം കോടതി അതിന് അംഗീകാരം നൽകുന്നതിനും കാത്തിരിക്കുകയല്ലാതെ, സംസ്ഥാനം സ്വന്തം നിലയ്ക്കു ദൂരപരിധി മാറ്റില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
കേരള മൈനർ മിനറൽ കൺസഷൻ റൂളിന്റെ അടിസ്ഥാനത്തിലാണ് വീട് അല്ലെങ്കിൽ ഗതാഗത യോഗ്യമായ റോഡ് എന്നിവയുമായി കേരളത്തിലെ ക്വാറികൾക്കു ദൂരപരിധി നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ ഇതു 100 മീറ്ററായിരുന്നെങ്കിലും അഞ്ചു വർഷം മുൻപ് 50 മീറ്ററായി കുറച്ച് ചട്ടത്തിൽ മാറ്റം വരുത്തിയിരുന്നു.
അംഗീകാരമില്ലാത്ത ഏജൻസിക്ക് വിലക്ക്
ക്വാറി ഉൾപ്പെടെയുള്ള ഖനന പദ്ധതികൾക്കു പരിസ്ഥിതി ആഘാതപഠന റിപ്പോർട്ടും പരിസ്ഥിതി പരിപാലന പദ്ധതിയും തയാറാക്കുന്നത് അംഗീകാരമില്ലാത്ത ഏജൻസികളാണെന്നു കണ്ടെത്തിയാൽ റിപ്പോർട്ടുകൾ തള്ളിക്കളയുമെന്നും ഏജൻസികൾക്കു വിലക്ക് ഏർപ്പെടുത്തുമെന്നും പരിസ്ഥിതി ആഘാതപഠന അതോറിറ്റി മുന്നറിയിപ്പു നൽകി. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് (എൻഎബിഇടി), ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയിലൊന്നിന്റെ അംഗീകാരമുള്ള ഏജൻസി വേണം.
Content Highlight: Quarry