കൊല്ലം മേയറുടെ ചേംബറിൽ തീപിടിത്തം; ഒട്ടേറെ ഫയലുകൾ കത്തിനശിച്ചു

Mail This Article
കൊല്ലം ∙ കോർപറേഷൻ ഓഫിസിൽ മേയറുടെ ചേംബറിൽ തീപിടിത്തം. ഒട്ടേറെ ഫയലുകൾ, 2 എസി, വിഡിയോ കോൺഫറൻസ് സംവിധാനമുള്ള ടിവി, കംപ്യൂട്ടർ, ഫർണിച്ചർ, വിവിധ പുരസ്കാരങ്ങളുടെ ഫലകം തുടങ്ങിയവ കത്തിയമർന്നു. അഗ്നിശമന സേന എത്തിയാണു തീ കെടുത്തിയത്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു കോർപറേഷൻ അധികൃതർ പൊലീസിൽ മൊഴി നൽകി. എസിയിൽ നിന്നുണ്ടായ ഷോട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണം എന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ അഞ്ചരയോടെയാണ്, കോർപറേഷൻ മന്ദിരത്തിന്റെ ഒന്നാം നിലയിൽ നിന്നു തീയും പുകയും ഉയരുന്നതു ശുചീകരണത്തൊഴിലാളിയുടെ ശ്രദ്ധയിൽപെടുന്നത്. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും മുറിയുടെ ഒരുവശത്തെ ഉപകരണങ്ങൾ ഉൾപ്പെടെ പൂർണമായി കത്തിയമർന്നിരുന്നു. ഇലക്ട്രിക്കൽ സംവിധാനം മുഴുവൻ കത്തി നശിച്ചു.
ഒരു വശത്തെ ചുവരു മുതൽ മുതൽ മുറിയുടെ പകുതിയോളം ഭാഗത്തെ ഫർണിച്ചർ ഉൾപ്പെടെ കത്തിയെങ്കിലും മേയറുടെ ഇരിപ്പിടം മുതൽ മറുവശത്തേക്കു തീ പടർന്നില്ല. മേയറുടെ അനുമതിക്കു വിട്ടിരുന്ന ഒട്ടേറെ ഫയലുകൾ പൂർണമായോ ഭാഗികമായോ നശിച്ചു. 2018 മുതലുള്ള ഫയലുകൾ പോലും ഇക്കൂട്ടത്തിലുണ്ട്. അനധികൃത കെട്ടിട നിർമാണത്തിനെതിരെ നടപടിക്കു ശുപാർശ ചെയ്തുകൊണ്ടുള്ള ഫയലുകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായി പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു യുഡിഎഫും ബിജെപിയും ആരോപിച്ചു.ഈസ്റ്റ് പൊലീസ് കേസ് എടുത്തു.
English Summary: Fire in Kollam corporation mayor chamber