ADVERTISEMENT

സർക്കാർ തിരക്കിട്ട് സർവകലാശാലാ ഭേദഗതി ബില്ലുമായി വന്നത് ചാൻസലറായ ഗവർണറെ പൂട്ടാനാണ് . വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള മേൽക്കൈ ഇല്ലാതാക്കുന്നതാണ് പ്രധാന വ്യവസ്ഥയും. എന്നാൽ ആ വ്യാഖ്യാനം സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കരിവാരിത്തേക്കാനാണെന്നു മന്ത്രി ആർ.ബിന്ദു. ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ഒന്നും തന്നെ ബില്ലിൽ ഇല്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സമർഥിച്ചു.

വിശദീകരണം പ്രതിപക്ഷത്തിനും വിമർശകർക്കും ആണെന്ന് കരുതിയാൽ തെറ്റി. യഥാർഥത്തിൽ തന്റെ മുൻഗാമിയായ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു സംശയ നിവാരണം വരുത്തുകയായിരുന്നു ബിന്ദു !

ഗവർണറെ വെട്ടാനുള്ള ബിൽ 5 വർഷം മുൻപേ കൊണ്ടുവരേണ്ടതാണെന്ന അഭിപ്രായമാണ് ജലീൽ പങ്കുവച്ചത്. കേരളം ഭരിക്കാൻ കഴിയില്ലെന്നു തീർച്ചയാക്കിയ ബിജെപി ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് അനുകൂലികളെ വിസിമാർ ആക്കാൻ നോക്കുന്നു. കോൺഗ്രസ് തിരിച്ചറിഞ്ഞില്ലെങ്കിലും അപകടം മനസ്സിലാക്കി ബില്ലിനെ മുസ്‌ലിം ലീഗ് പിന്തുണയ്ക്കണമെന്നും ജലീലിന് അഭിപ്രായമുണ്ട്.

ഗവർണറെ മെരുക്കുന്ന 2 ബില്ലുകൾ തുടർച്ചയായ ദിവസങ്ങളിൽ അവതരിപ്പിച്ച് വേറിട്ട ചരിത്രത്തിലേക്കാണ് പതിനഞ്ചാം നിയമസഭയുടെ ആറാം സമ്മേളനം കടന്നത്. ഗവർണറുടെ സമ്മർദ പ്രകാരമാണ് സഭാസമ്മേളനം വിളിച്ചത് എന്നതു വൈരുധ്യവും. സബ്ജക്ട് കമ്മിറ്റിയിൽ വരുത്തിയ ഭേദഗതി പ്രകാരം ലോകായുക്ത നിയമത്തിൽ ഗവർണർക്ക് ഇനി ഒരു അധികാരവും ഇല്ലെന്ന് ഉറപ്പാക്കിയതിനു പിന്നാലെയാണ് വിസി നിയമനത്തിലും പൂട്ടിടുന്നത്.

ഭരണത്തലവൻ, ചാൻസലർ എന്നീ തന്റെ 2 മുഖ്യ അധികാരങ്ങളിൽ കത്തി വയ്ക്കുന്ന ഈ ബില്ലുകൾ നിയമം ആകണമോ എന്നു തീരുമാനിക്കുന്നതും ഗവർണർ തന്നെ. ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടാലേ ബില്ലിന് നിയമ പ്രാബല്യമാകൂ. 2 ബില്ലും കൂലംകഷമായ ചർച്ചയ്ക്കു വിധേയമാക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലുണ്ടായില്ല . ഇന്നലെ ബിൽ സബ്ജക്ട് കമ്മിറ്റിക്കു വിടുന്ന പ്രമേയം പാസാക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തിയത്.

ഗവർണർ വിരുദ്ധ ബില്ലിന്മേൽ പ്രതീക്ഷിച്ച പ്രതിഷേധം പ്രതിപക്ഷത്തു നിന്ന് ഉണ്ടായില്ല. എതിർപ്പ് ഉയർത്തുമ്പോൾത്തന്നെ ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങൽ പരിപാടി മാത്രമാണെന്നാണ് ടി.വി.ഇബ്രാഹിം അഭിപ്രായപ്പെട്ടത്. ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ യുജിസിയുടെ വ്യവസ്ഥകൾ അനുവദിക്കുന്നില്ലെന്ന പി.സി.വിഷ്ണുനാഥിന്റെ വാദത്തെ എതിർക്കാൻ മന്ത്രി ആർ.ബിന്ദുവിന് ഒപ്പം മന്ത്രി പി.രാജീവുമെത്തി ! ‘ നവ വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കാൻ കഴിയുന്ന വിദ്യാഭ്യാസ വിചക്ഷണരെ സർവകലാശാലകളിൽ നിയോഗിക്കാനാണ്’ മന്ത്രി ബിന്ദുവിന് ഈ ബിൽ. ടി.വി.ഇബ്രാഹിമിനെ സംബന്ധിച്ച് ‘ പാർട്ടി പറഞ്ഞാൽ എന്തും കേൾക്കുന്ന വിനീത ദാസന്മാരെ വിസിമാരാക്കി സർവകലാശാല ഭരിക്കാനുള്ള അടവും’ .

തന്റെ ‘ആസാദ് കശ്മീർ’ വിവാദത്തെ, ടി.വി.ഇബ്രാഹിം തോണ്ടിയത് കെ.ടി.ജലീൽ പ്രയോജനപ്പെടുത്തി. ആ പ്രയോഗം താനല്ല ആദ്യമായി നടത്തുന്നതെന്നു വിശദീകരിക്കുന്ന ഫെയ്സ്ബുക് കുറിപ്പ് ജലീൽ ഹാജരാക്കി. അദ്ദേഹത്തിന് ഫെയ്സ്ബുക് വിട്ടൊരു കളിയില്ല. 

അതിർത്തി സംരക്ഷിക്കാനായി പോയ സൈനികനായ തന്റെ പിതാമഹന് തിരിച്ചുവരാൻ കഴിയാത്ത കാര്യം വേദനയോടെ അദ്ദേഹം അവതരിപ്പിച്ചു. ആ കുടുംബത്തിൽ പിറന്ന തന്നെ രാജ്യദ്രോഹിയാക്കുന്നതു ശരിയോ? സഭാ സമിതിയുടെ ഭാഗമായി നടത്തിയ യാത്രയിലെ പരാമർശത്തിനെതിരെ പുറത്തും സഭയ്ക്കുള്ളിലും പരാതികൾ നിലനിൽക്കെ സഭയെ ജലീൽ വിശദീകരണ വേദിയാക്കി.

അടിയന്തരപ്രമേയ നോട്ടിസിലും സർവകലാശാലകളിലെ ബന്ധു, രാഷ്ട്രീയ നിയമനവിവാദം തന്നെയായിരുന്നു വിഷയം. കണ്ണൂർ വിസിക്കെതിരെ ഗവർണർ ഉറഞ്ഞുതുള്ളുന്നതിനിടെ വിസിമാരുടെ മികവിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം ശ്രദ്ധേയമായി.

∙ ഇന്നത്തെ വാചകം

‘ഒരു തരം വേഷവിധാനവും ആരുടെ മേലും അടിച്ചേൽപിക്കുന്നത് ഈ സർക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നീ കാര്യങ്ങളിൽ വ്യക്തികൾക്ക് സർവ സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.’ – മുഖ്യമന്ത്രി പിണറായി വിജയൻ

Content Highlights: Kerala Assembly, Naduthalam

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com