അയ്യങ്കാളി ജനാധിപത്യ ഇന്ത്യയ്ക്കു നൂതന ആശയം നൽകിയ മഹാൻ: വി.മുരളീധരൻ

Mail This Article
കോവളം∙ ജനാധിപത്യ ഇന്ത്യയ്ക്കു നൂതന ആശയം നൽകിയ മഹാനായിരുന്നു അയ്യങ്കാളി എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. വെങ്ങാനൂരിൽ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിൽ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ജന്മവാർഷികാഘോഷം, വെങ്ങാനൂർ തീർഥാടനം എന്നിവയുടെ ഉദ്ഘാടന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുരളീധരൻ. സാധുജന പരിപാലന സംഘം സംസ്ഥാന പ്രസിഡന്റ് മാവേലിക്കര ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ നടന്ന ജയന്തി ദിനാഘോഷം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിയെടുക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും ഓരോ കുടുംബത്തിന്റെയും വ്യക്തികളുടെയും പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന് മൈക്രോ ലെവൽ സർവേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, എസ്‌സിഎസ്ടി കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി, പട്ടികജാതി വികസന അഡീഷനൽ ഡയറക്ടർ വി.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Ayyankali birth anniversary Kovalam