രേഖകളിൽ 76, യഥാർഥ പ്രായം 74; പന്ന്യന്റെ പ്രായം പുതിയ ചർച്ച

Mail This Article
തിരുവനന്തപുരം ∙ സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന് രേഖകളിൽ പ്രായം 76; എന്നാൽ യഥാർഥ പ്രായം 74. ഏതാകും പാർട്ടി കണക്കിലെടുക്കുക? 75 കഴിഞ്ഞവരെ പാർട്ടി സമിതികളിൽ നിന്ന് ഒഴിവാക്കാൻ നിശ്ചയിച്ച സാഹചര്യത്തിലാണ് ഈ ചോദ്യം. പന്ന്യന്റെ 70–ാം ജന്മദിനം നേരത്തെ ആഘോഷിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ ജനനത്തീയതി തെറ്റാണെന്നും അത്രയും പ്രായം തനിക്ക് ആയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ തെറ്റായ ജനനത്തീയതി രേഖപ്പെടുത്തിയതാണ് പ്രായം ‘കൂട്ടിയത്’
കേരളത്തിലെ പ്രധാന നേതാക്കളിൽ കെ.ഇ.ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ, സി.ദിവാകരൻ, എ.കെ.ചന്ദ്രൻ എന്നിവരാണ് രേഖകളിൽ 75 വയസ്സ് പിന്നിട്ടത്. എന്നാൽ ഇസ്മായിലിനെയോ ദിവാകരനെയോ പോലെ മറ്റു രണ്ടു പേരും ഇക്കാര്യത്തിൽ ഇടഞ്ഞിട്ടില്ല. പാർട്ടി എന്തു തീരുമാനിച്ചാലും അംഗീകരിച്ചു പോകുമെന്ന സമീപനമാണു നിലവിൽ കേന്ദ്ര കൺട്രോൾ കമ്മിഷൻ അധ്യക്ഷനായ പന്ന്യന്റേത്. അതു പാർട്ടിക്കകത്തെ പരാതി പരിഹാര ഫോറം ആയതിനാൽ തന്നെ സാങ്കേതികമായി പന്ന്യൻ സംസ്ഥാന, ദേശീയ കൗൺസിലുകളിൽ അംഗമല്ല. കൺട്രോൾ കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ ദേശീയ നിർവാഹകസമിതിയിൽ അദ്ദേഹം എക്സ്–ഒഫീഷ്യോ അംഗമാണ്. കൺട്രോൾ കമ്മിഷൻ ചെയർമാനോ അംഗങ്ങൾക്കോ 75 പ്രായപരിധി ആക്കാത്തതിനാൽ പന്ന്യനു തുടരാൻ തടസ്സമില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്.
Content Highlight: Pannyan Raveendran