റോബട് കൈപിടിക്കും, നല്ല നടപ്പിന്റെ യന്തിരൻ കാലം
Mail This Article
തിരുവനന്തപുരം ∙ പക്ഷാഘാതം ബാധിച്ച് അരയ്ക്കു താഴെ തളർന്നവരെ ആരോഗ്യത്തിലേക്കു തിരികെ നടത്താൻ പുതിയ റോബട് വരുന്നു. മലയാളി സ്റ്റാർട്ടപ് കമ്പനിയായ ജൻറോബട്ടിക്സ് ആണ് നടത്തം പരിശീലിപ്പിക്കുന്ന അഡ്വാൻസ്ഡ് ഗെയ്റ്റ് ട്രെയ്നിങ് റോബട് (ജി–ഗെയ്റ്റർ) അവതരിപ്പിക്കുന്നത്. 17ന് ജി–ഗെയ്റ്റർ ലോഞ്ച് ചെയ്യും. തിരുവനന്തപുരം ജനറൽ ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ 4 ആശുപത്രികളിൽ ആദ്യഘട്ടത്തിൽ ജി–ഗെയ്റ്റർ റോബട് ‘നല്ല നടത്തം’ പരിശീലിപ്പിക്കും.
മാൻഹോൾ വൃത്തിയാക്കുന്നതിനുള്ള ആദ്യ റോബട് ആയ ‘ബൻഡികൂട്ട്’ നിർമിച്ചാണ് ജൻറോബട്ടിക്സ് ശ്രദ്ധ നേടിയത്. ഇന്ന് രാജ്യത്തെ പല നഗരസഭകളും ബൻഡികൂട്ടിനെ കൂട്ടുപിടിച്ചിട്ടുണ്ട്.
അപകടത്തിലോ നാഡീ തകരാർ കാരണമോ തളർന്നു കിടപ്പിലായവരുടെയും നടക്കാൻ ബുദ്ധിമുട്ടു നേരിടുന്നവരുടെയും ശാരീരിക ചലനങ്ങൾ ക്രമമായി മെച്ചപ്പെടുത്തുകയാണ് ജി–ഗെയ്റ്ററിന്റെ ചുമതല. പൂർണമായി തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച ജി–ഗെയ്റ്ററിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. സമാനമായ ഉപകരണങ്ങൾക്കു വിദേശത്ത് 8 കോടിയിലധികം രൂപ വിലയുള്ളപ്പോൾ ഒന്നരക്കോടി രൂപയ്ക്ക് കേരളത്തിലെ ആശുപത്രികളിൽ ലഭ്യമാക്കാമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ.
Content Highlight: G Gaiter Robot