എസ്.രാജേന്ദ്രന്റെ വീട് ഒഴിപ്പിക്കുന്നത് 3 മാസത്തേക്ക് തടഞ്ഞു

Mail This Article
മൂന്നാർ ∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ ഇക്കാ നഗറിലെ ഭൂമിയും വീടും ഒഴിപ്പിക്കുന്നതു ഹൈക്കോടതി 3 മാസത്തേക്കു തടഞ്ഞു. റവന്യു വകുപ്പു നൽകിയ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ രാജേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്.ഇക്കാ നഗറിലെ 8 സെന്റ് സ്ഥലവും വീടും 7 ദിവസത്തിനകം ഒഴിയണമെന്നു രാജേന്ദ്രനു വെള്ളിയാഴ്ചയാണു മൂന്നാർ വില്ലേജ് ഓഫിസർ നോട്ടിസ് നൽകിയത്.
റവന്യു പുറമ്പോക്കുഭൂമി കയ്യേറിയെന്നു നോട്ടിസിൽ പറയുന്നു.പട്ടയവസ്തുവാണെന്നാണു രാജേന്ദ്രന്റെ വിശദീകരണം. ഇക്കാ നഗറിലെ 60 കുടുംബങ്ങളിൽ മറ്റാർക്കും നോട്ടിസ് നൽകാതെ തനിക്കു മാത്രം ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതു സിപിഎമ്മിന്റെയും എം.എം.മണിയുടെയും രാഷ്ട്രീയപ്പകപോക്കലാണെന്നാണു രാജേന്ദ്രന്റെ ആരോപണം. എസ്.രാജേന്ദ്രൻ അടക്കം ഇക്കാ നഗറിലെ ഒരാളെപ്പോലും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.
"റവന്യു വകുപ്പ് നോട്ടിസ് കൊടുത്തതിനു പിന്നിൽ ഞാനാണെന്നു പറയുന്നത് അസംബന്ധമാണ്. രാജേന്ദ്രൻ പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ചു വല്ല തട്ടിപ്പും നടത്തിയോയെന്നു തീരുമാനിക്കേണ്ടതു റവന്യു വകുപ്പാണ്."
- എം.എം.മണി എംഎൽഎ
English Summary: Eviction notice for devikulam ex mla S Rajendran