ADVERTISEMENT

കോട്ടയം ∙ സുരേഷ് കുറുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക കമ്മിറ്റികളിൽ നിന്നും സ്വയം ഒഴിയും. ‘ഒന്നരയാഴ്ചയ്ക്കു ശേഷം എല്ലാം പറയാം’ എന്നു മാത്രം അദ്ദേഹം ‘മനോരമ’യോടു പ്രതികരിച്ചു. ലോക്സഭയിലും നിയമസഭയിലുമായി 26 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനു ശേഷമാണ് ഈ തീരുമാനം.

ഏതു രാഷ്ട്രീയ പ്രതിസന്ധികളിലും സിപിഎമ്മിന് അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു സുരേഷ് കുറുപ്പിന്റേത്. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടശേഷം 1984ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു ജയിച്ച 3 ഇടതു സ്ഥാനാർഥികളിൽ ഏക സിപിഎം പ്രതിനിധി എന്ന വിശേഷത്തോടെയായിരുന്നു കുറുപ്പിന്റെ അങ്കത്തുടക്കം.

ലോക്സഭയിലേക്ക് 7 തവണ മത്സരിച്ചു; 4 തവണ ജയിച്ചു. നിയമസഭയിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ചു. തുടരെ രണ്ടു തവണ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ടെന്ന സിപിഎം തീരുമാനം മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവസരം ലഭിച്ചില്ല. പകരം വി.എൻ.വാസവൻ ജയിച്ച് മന്ത്രിയായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിട്ടുണ്ടെങ്കിലും ഡിവൈഎഫ്ഐയിലോ പാർട്ടി സംസ്ഥാന ഘടകത്തിലോ സുരേഷ് കുറുപ്പ് എത്തിയില്ല. ഇപ്പോൾ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.

പാർട്ടി പരിപാടികളിൽ സജീവമല്ലാത്തതിന്റെ കാരണം അന്വേഷിക്കുന്നവരോടു വീടുപണിയുടെ തിരക്കിലാണെന്നാണു മറുപടി. തിരുനക്കര വടക്കേനടയിൽ സായ് സേവാ കേന്ദ്രത്തിനു സമീപം വാടകവീട്ടിലാണു താമസം. തിരുനക്കരയിലെ കുറ്റിക്കാട്ട് തറവാടു വീട് അറ്റകുറ്റപ്പണിയിലാണ്. ജനുവരിയിൽ അവിടേക്കു മാറും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏറ്റുമാനൂരിലോ കോട്ടയത്തോ പൊതുപരിപാടികളിൽ കുറുപ്പിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

എംഎൽഎയായിരുന്ന അവസരത്തിലാണ് പട്ടിത്താനം – മണർകാട് ബൈപാസ് ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിച്ചത്. എന്നാൽ ബൈപാസ് ഉദ്ഘാടനത്തിനോ മറ്റു പദ്ധതികളുടെ നിർമാണോദ്ഘാടനങ്ങൾക്കോ അദ്ദേഹത്തെ ക്ഷണിച്ചില്ല. അദ്ദേഹം ഇക്കാര്യം പാർട്ടി വേദികളിൽ സൂചിപ്പിച്ചിരുന്നു.

English Summary: Suresh Kurup says bye to elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com