14 ലക്ഷം തട്ടിയെന്ന് പരാതി: വിബിതയ്ക്ക് എതിരെ കേസ്; കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് വിബിത

Mail This Article
തിരുവല്ല ∙ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരെ സാമ്പത്തിക തട്ടിപ്പിന് തിരുവല്ല പൊലീസ് കേസെടുത്തു. യുഎസിൽ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോൽ ജീസസ് ഭവനിൽ മാത്യു സി.സെബാസ്റ്റ്യൻ (75) നൽകിയ പരാതിയിയിലാണ് നടപടി.
മാത്യുവിന്റെ വസ്തുസംബന്ധമായ കേസിന്റെ നടപടികൾക്കായി അഭിഭാഷകയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്കു പല തവണയായി 14 ലക്ഷം രൂപയോളം നൽകിയെന്ന് പരാതിയിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പു സമയത്തും വിബിതയും പിതാവും സാമ്പത്തിക സഹായം തേടി. എന്നാൽ േകസിൽ നടപടി ഒന്നും ഉണ്ടാകാത്തതിനാൽ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് പരാതിയിലുണ്ട്.
അതേസമയം, മാത്യുവിനെതിരെ വിബിതയും പൊലീസിൽ പരാതി നൽകി. ഓഫിസിലെത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പണത്തിന്റെ ഒരുഭാഗം നിയമോപദേശത്തിനു തനിക്കു ലഭിച്ച പ്രതിഫലമാണെന്നും ബാക്കി തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി പരാതിക്കാരൻ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും വിബിതയുടെ പരാതിയിൽ പറയുന്നു.
വിബിത ബാബുവിനും പിതാവിനുമെതിരെ കേസ് റജിസ്റ്റർ ചെയ്തതായി തിരുവല്ല ഇൻസ്പെക്ടർ പി.ബി.വിനോദ് പറഞ്ഞു. വിബിതയുടെ പരാതിയിൽ മാത്യുവിനെതിരെയും കേസെടുത്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു വിബിത.
English Summary: Cheating complaint against Mahila Congress leader adv. Vibitha Babu, Pathanamthitta