ADVERTISEMENT

തൃശൂർ ∙ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ച് ആശയക്കുഴപ്പം. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നെന്നു ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, തട്ടിപ്പിനെപ്പറ്റി വ്യക്തമായി പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചു തിട്ടപ്പെടുത്തിയ ശേഷമേ വ്യാപ്തി വെളിപ്പെടുത്തൂ എന്നും കമ്മിഷണർ അങ്കിത് അശോകൻ പറഞ്ഞു. ഇതുവരെ റജിസ്റ്റർ ചെയ്ത 36 കേസുകളിലായി 2 കോടി രൂപയുടെ തട്ടിപ്പാണു കണക്കാക്കിയിട്ടുള്ളതെന്നും കമ്മിഷണർ അറിയിച്ചു. 

സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി വഴി 48% പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ കേസിലാണ് അരിമ്പൂർ വെളുത്തൂർ കെ.പി.പ്രവീൺ (37) എന്ന പ്രവീൺ റാണയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. റാണയെ അറസ്റ്റ് ചെയ്ത് മൂന്നാം ദിവസമാണു പൊലീസിന്റെ ഔദ്യോഗിക പ്രതികരണമെത്തുന്നത്. തൃശൂർ ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ, കുന്നംകുളം സ്റ്റേഷനുകളിലായി 36 കേസുകൾ റജിസ്റ്റർ ചെയ്തെന്നു കമ്മിഷണർ പറഞ്ഞു.

തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 21 റെയ്ഡ് നടത്തി. ചിലവന്നൂരിലെ ഫ്ലാറ്റിൽനിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാൻ റാണ ഉപയോഗിച്ച ആഡംബരക്കാർ അടക്കം 7 കാറുകൾ പിടിച്ചെടുത്തു. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന തെളിവുകൾ ഉൾപ്പെട്ട 17 ലാപ്ടോപ് കംപ്യൂട്ടറുകൾ, 8 ഹാർഡ് ഡിസ്കുകൾ, 35 സിം കാർഡുകൾ, 335 രേഖകൾ എന്നിവ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പൊലീസ് ബന്ധം അന്വേഷിക്കും

പ്രവീൺ റാണയുടെ സിനിമ സംവിധാനം ചെയ്തതു റൂറൽ പൊലീസിലെ എസ്ഐ ആണെന്നതടക്കം റാണയുടെ പൊലീസ് ബന്ധങ്ങളെപ്പറ്റി അന്വേഷിക്കുമെന്നു കമ്മിഷണർ അങ്കിത് അശോകൻ പറഞ്ഞു. റാണയുടെ ബിസിനസ് പങ്കാളികളിൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരെ പ്രതിചേർക്കും. ഒളിവിൽ പാർക്കാൻ സഹായിച്ചവർ, രക്ഷപ്പെടാൻ സഹായിച്ചവർ എന്നിവരെയും പ്രതിചേർക്കും.

കണ്ണൂർ സ്വദേശിയായ വ്യവസായി ഷൗക്കത്തിന് 16 കോടി രൂപ നൽകിയെന്ന വിവരവും അന്വേഷിക്കും. ചിലവന്നൂരിലെ ഫ്ലാറ്റിൽനിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു റാണ രക്ഷപ്പെട്ടതു പൊലീസ് വീഴ്ചയാണോ എന്ന ചോദ്യത്തിന് കമ്മിഷണറുടെ മറുപടി ഇങ്ങനെ: ‘നിർഭാഗ്യം കൊണ്ടു സംഭവിച്ചതാണ്, വീഴ്ചയല്ല.’ 

English Summary: Praveen Rana Safe and Strong scam case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com