ADVERTISEMENT

ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണു കേരളത്തിലെ നികുതി വർധനയ്ക്കു കാരണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് വാശിയാണ്. നികുതി വർധനയ്ക്കെതിരായ കോൺഗ്രസിന്റെ സമരം ശക്തമായി തുടരും. അധിക നികുതി മുഖ്യമന്ത്രിക്കു പിൻവലിക്കേണ്ടി വരും. 

തദ്ദേശ സ്ഥാപനങ്ങളോട് 1000 കോടി പിരിക്കാൻ സർക്കാർ നിർദേശിച്ചത് സാധാരണക്കാരനെ കൂടുതൽ ദുരിതത്തിലാക്കും. അധിക നികുതി അടയ്ക്കരുതെന്ന് ജനങ്ങളോടു കോൺഗ്രസ് ആവശ്യപ്പെടും. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും. മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിനു മാത്രം മനസ്സിലാകുന്ന സാമ്പത്തിക ശാസ്ത്രമാണ്. ഗോസംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണു പിണറായി. ഓഖി ദുരന്തത്തിലകപ്പെട്ടവർക്കും വിഴിഞ്ഞത്തു നിന്നു കുടിയിറക്കപ്പെട്ടവർക്കും വീടു വച്ചു നൽകാതെ, ലക്ഷങ്ങൾ ചെലവിട്ട് പശുക്കൾക്കു തൊഴുത്തു കെട്ടുകയാണ്. പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് നിർദേശിക്കുമോ എന്നേ ഇനി അറിയാനുള്ളൂവെന്നും സുധാകരൻ പരിഹസിച്ചു. 

ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് കോൺഗ്രസിന്റെ പുനഃസംഘടന നടത്തുമെന്നും സുധാകരൻ പറഞ്ഞു. ആലസ്യത്തിലുള്ള പാർട്ടിയുടെ താഴേത്തട്ട് ശക്തിപ്പെടുത്തുകയാണു പുനഃസംഘടനയുടെ ലക്ഷ്യം.  എല്ലാവരുമായും ആശയവിനിമയം നടത്തുന്നുണ്ട്. ആരും നേരിട്ട് എതിർപ്പ് അറിയിച്ചിട്ടില്ല.

നികുതി ബഹിഷ്കരണത്തിന് ഇല്ലെന്ന് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം ∙ സർക്കാർ പ്രഖ്യാപിച്ച അധികനികുതി പാർട്ടി പ്രവർത്തകർ അടയ്ക്കില്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതാക്കൾക്ക് ആശയക്കുഴപ്പം. ഇതു സംബന്ധിച്ച ആലോചനയോ തീരുമാനമോ പാർട്ടിയിലോ മുന്നണിയിലോ ഉണ്ടായിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. വർധിപ്പിച്ച നികുതി മാത്രം ഒടുക്കില്ലെന്ന നിലപാട് പ്രായോഗികമല്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയന്റെ സമാന ആഹ്വാനം പ്രായോഗികമല്ലെന്ന ചർച്ച ആ സമയത്തുതന്നെ ഉയർന്നുവന്നതുമാണ്.

ഈ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രഖ്യാപനത്തെക്കുറിച്ച് അറിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. ചർച്ച കൂടാതെ ഇങ്ങനെ പ്രഖ്യാപനം നടത്തിയതിനോടുള്ള വിയോജിപ്പ് സുധാകരനെ സതീശൻ അറിയിക്കുകയും ചെയ്തു. നികുതി വർധനയ്ക്കെതിരെ കടുത്ത രോഷം സുധാകരൻ പ്രകടിപ്പിച്ചതാണ് എന്നതിനപ്പുറം വാക്യാർഥത്തിൽ എടുക്കേണ്ടെന്നാണു നേതാക്കൾ പറയുന്നത്.

English Summary: Congress leaders on tax boycott

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com