കെഎസ്ആർടിസിയിൽ കൺസഷന് കർശന കട്ട്

Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസി വിദ്യാർഥികൾക്ക് നൽകിവരുന്ന കൺസഷൻ, സർക്കാർ –എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കും അൺ എയ്ഡഡ് സ്കൂളുകളിലെ ബിപിഎൽ പരിധിയിൽ വരുന്ന വിദ്യാർഥികൾക്കും മാത്രമായി പരിമിതപ്പെടുത്തുന്നു. കൺസഷനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി. സർക്കാർ –എയ്ഡഡ് കോളജുകൾ, സർക്കാർ– അർധ സർക്കാർ പ്രഫഷനൽ കോളജുകൾ എന്നിവിടങ്ങളിൽ വ്യവസ്ഥകൾ കർശനമാക്കും. ആദായനികുതിയോ ജിഎസ്ടി റിട്ടേണോ നൽകുന്നവരുടെ മക്കൾക്ക് കൺസഷൻ ലഭിക്കില്ല. സ്വാശ്രയ കോളജുകളിലെ ബിപിഎൽ പരിധിയിലുള്ളവർക്കു മാത്രമാകും ഇളവ്.
സ്വാശ്രയ കോളജുകളിലെയും അൺ എയ്ഡഡ് സ്കുളുകളിലെയും വിദ്യാർഥികൾക്ക് യാത്രാനിരക്കിന്റെ 30% ഡിസ്കൗണ്ടിൽ കൺസഷൻ കാർഡ് അനുവദിക്കും. 35% തുക വിദ്യാർഥിയും ബാക്കി 35% തുക മാനേജ്മെന്റും വഹിക്കണമെന്നാണു നിർദേശം.
സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കും തൊഴിൽപരിശീലന കേന്ദ്രങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കും നിലവിലുള്ള കൺസഷൻ രീതി തുടരും.
നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കു പൂർണമായി സൗജന്യയാത്രയാണ്; മറ്റു വിദ്യാർഥികൾക്കു സൗജന്യ നിരക്കുമാണ്. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തിയാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്കു മാത്രം വർഷം 130 കോടി രൂപ ബാധ്യത വരുന്നുവെന്നു കെഎസ്ആർടിസി പറയുന്നു. വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 മുതൽ 2020 വരെ മൊത്തം 966.31 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നാണ് കണക്ക്. സ്വകാര്യബസുകളിൽ ഫെയർ സ്റ്റേജിന് ഒരു രൂപ നിരക്കിലാണ് വിദ്യാർഥികളുടെ നിരക്ക്. ഇത് വർധിപ്പിക്കണമെന്ന ആവശ്യത്തിലാണ് സ്വകാര്യബസുടമകൾ.
കർണാടകയിൽ സർക്കാർ സഹായം
കാസർകോട്ടു നിന്ന് കർണാടക മംഗളൂരുവിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്കു കർണാടക ആർടിസി ബസുകൾ കൺസഷൻ അനുവദിക്കുന്നുണ്ട്. ബിരുദ വിദ്യാർഥികൾക്ക് 10 മാസത്തേക്ക് 1050 രൂപയും നഴ്സിങ് അനുബന്ധ കോഴ്സുകൾ പഠിക്കുന്നവർക്ക് 10 മാസത്തേക്ക് 1550 രൂപയുമാണ് കൺസഷൻ നിരക്ക്. കർണാടക സർക്കാർ അവിടത്തെ ആർടിസി കോർപറേഷന് ഓരോ കൺസഷൻ കാർഡിനും 12,400 രൂപ വീതം റീഇംബേഴ്സ് ചെയ്തുകൊടുക്കുകയാണ്.
English Summary: KSRTC student concession; New rules