വൈക്കം സത്യഗ്രഹ ശതാബ്ദി; ശിവഗിരി മഠത്തിന്റെ ആഘോഷങ്ങൾക്ക് ഉജ്വല തുടക്കം; രണ്ടു വർഷം നീളും

Mail This Article
വൈക്കം ∙ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലുള്ള വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ജാതിമത ചിന്തകൾക്കതീതമായി നല്ല മനുഷ്യരാവുകയും വിശ്വസാഹോദര്യത്തിലൂന്നി പ്രവർത്തിക്കുകയും ചെയ്യുകയെന്നതാണു വൈക്കം സത്യഗ്രഹം പഠിപ്പിക്കുന്ന പാഠമെന്നു കാതോലിക്കാ ബാവാ പറഞ്ഞു.
രണ്ടു വർഷത്തെ ആഘോഷ പരിപാടികളാണു മഠം സംഘടിപ്പിക്കുന്നത്. വൈക്കത്തെത്തിയ ശ്രീനാരായണ ഗുരുവിനെ തീണ്ടൽ പലക കാട്ടി വഴി തടസ്സപ്പെടുത്തിയ സംഭവത്തിൽ നിന്നാണു വൈക്കം സമരത്തിനു തുടക്കമായതെന്നു ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ടി.കെ.മാധവൻ ഗുരുവിനെ സന്ദർശിച്ച് അഭിപ്രായം ചോദിച്ച ശേഷമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ സമരവുമായി ബന്ധിപ്പിച്ചതെന്നും ഗുരുവിനെ മറക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുദേവൻ സൃഷ്ടിച്ച സാമൂഹികാന്തരീക്ഷമില്ലായിരുന്നെങ്കിൽ വൈക്കം സത്യഗ്രഹ സമരം തന്നെ നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: Centenary of Vaikom Satyagraha