കോൺഗ്രസ് പുനഃസംഘടന: ജില്ല തിരിച്ച് ചർച്ച തുടങ്ങി
Mail This Article
തിരുവനന്തപുരം∙ കോൺഗ്രസ് പുനഃസംഘടനയ്ക്കായി ചുമതലപ്പെടുത്തിയ കെപിസിസി സമിതി ജില്ല തിരിച്ചുള്ള ചർച്ചകൾ തുടങ്ങിവച്ചു. ഇന്നലെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണു പരിഗണിച്ചത്. ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും തീരുമാനിക്കുകയാണു സമിതിയുടെ ചുമതലയെങ്കിലും ആദ്യ ഘട്ടത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ മാത്രമേ നിശ്ചയിക്കുന്നുള്ളൂ. മിക്ക ബ്ലോക്കുകളിലും ഒറ്റപ്പേരിലേക്ക് എത്താൻ സമിതിക്കായി. സമിതിയിലെ ചർച്ചയ്ക്കു ശേഷവും ഒന്നിലധികം പേരു വന്ന ബ്ലോക്കുകൾ കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തിനു വിട്ടു. ജില്ലകളിൽ നിന്നെല്ലാം ലഭിച്ചതു വലിയ പട്ടികയായതിനാൽ ചർച്ചയ്ക്ക് ഏറെ സമയമെടുക്കേണ്ടിവന്നു. ഇന്നലെ രാവിലെ തുടങ്ങിയ യോഗം രാത്രിവരെ നീണ്ടു. ഇന്നും തുടരും. കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദീഖ്, കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, എം.ലിജു, കെ.ജയന്ത് എന്നിവരടങ്ങിയ സമിതിയാണു യോഗം ചേർന്നത്. അംഗമായ എ.പി.അനിൽകുമാർ എത്തിയില്ല.
English Summary : District wise discussion started on Congress reorganisation