തമിഴ്നാട്ടിൽ നിന്നു കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ ചിറയിൻകീഴിൽ പിടിയിൽ
Mail This Article
ചിറയിൻകീഴ്/നാഗർകോവിൽ ∙ തമിഴ്നാട്ടിലെ വടശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നു നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിയെടുത്ത നാടോടി സംഘത്തിൽപ്പെട്ട ദമ്പതികളെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടി. ഇവരുടെ കയ്യിൽ നിന്നു കുഞ്ഞിനെ വീണ്ടെടുത്തു. കന്യാകുമാരി വട്ടക്കോട്ട സ്വദേശി നാരായണൻ (48), ശാന്തി (50)എന്നിവരാണ് അറസ്റ്റിലായത്. ഭിക്ഷാടനത്തിനു കുഞ്ഞിനെ എത്തിച്ചെന്നാണു പൊലീസിന്റെ നിഗമനം. കഠിനംകുളം സ്റ്റേഷനിലെ പൊലീസുകാരായ എസ്.ആർ.ശ്യാംലാലിന്റെയും വി.വി.ജ്യോതിഷിന്റെയും സമയോചിത ഇടപെടലാണു കുഞ്ഞിനെ തിരിച്ചു കിട്ടാൻ സഹായകമായത്.
തിരുനെൽവേലി ജില്ല വള്ളിയൂർ പൂങ്കാനഗർ നരിക്കുറവർ കോളനിയിൽ മുത്തുരാജ–ജ്യോതിക ദമ്പതികളുടെ കുഞ്ഞിനെയാണു നാഗർകോവിൽ ബസ് സ്റ്റാൻഡിൽ നിന്നു തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീ കുഞ്ഞിനെ എടുത്തു കൊണ്ടു പോകുന്ന ചിത്രം നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നതു കണ്ടെത്തി. ഇതു കേരള പൊലീസിന് കൈമാറിയിരുന്നു. കഠിനംകുളം സ്റ്റേഷനിലെ ജ്യോതിഷിനും ഇതു കിട്ടി.
കുഞ്ഞിനായി വ്യാപക തിരച്ചിൽ നടക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട പൊലീസുകാരൻ ശ്യാംലാലിനു സംശയം തോന്നി ജ്യോതിഷിനെ വിളിക്കുകയും, ദമ്പതികളുടെ വിഡിയോ പകർത്തി കൈമാറുകയും ചെയ്തതാണു വഴിത്തിരിവായത്. വിഡിയോ ലഭിച്ച തമിഴ്നാട് പൊലീസ് കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികളാണ് ഇതെന്നു സ്ഥിരീകരിച്ചു. കുഞ്ഞിനെ തമിഴ്നാട് പൊലീസ് മുഖേന ഇന്നലെ ജ്യോതികയ്ക്ക് കൈമാറി.
English Sumary : Couple is under arrest who Kidnapped child from Tamil Nadu