ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) മേധാവി അരുൺ കുമാർ സിൻഹ (61) അന്തരിച്ചു. ഈ പദവിയിലെത്തിയ ആദ്യ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജാർഖണ്ഡ് സ്വദേശിയായ സിൻഹ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2009 മുതൽ ഗുജറാത്ത് മേഖലയിൽ ബിഎസ്എഫ് ഐജിയായിരുന്ന സിൻഹ അവിടെ നടത്തിയ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ മോദിയുടെ വിശ്വസ്തനായി വളർന്നു. ഗുജറാത്ത് അതിർത്തിയിൽ 500 ചതുരശ്ര കിലോമീറ്ററോളം ഇന്ത്യൻ ഭൂമി പാക്കിസ്ഥാന്റെ പക്കൽനിന്നു ബിഎസ്എഫ് തിരികെപ്പിടിച്ചതു സിൻഹ രൂപം നൽകിയ ‘ക്രീക്ക് ക്രോക്കഡൈൽ കമാൻഡോസി’ന്റെ നേതൃത്വത്തിലാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം 2016ൽ സിൻഹയെ എസ്പിജി ഡയറക്ടറാക്കി. കഴിഞ്ഞ മേയിൽ സർവീസിൽനിന്നു വിരമിച്ചെങ്കിലും ഒരു വർഷത്തേക്കുകൂടി കാലാവധി നീട്ടിനൽകി.

മലപ്പുറം എസ്പിയായിരുന്ന കാലത്താണു സിഗരറ്റ് ബോംബ്, പൈപ്പ് ബോംബ് തുടങ്ങിയ തീവ്രവാദപ്രവർത്തനങ്ങളുടെ തുടക്കം അരുൺകുമാർ സിൻഹയുടെ നേതൃത്വത്തിൽ കണ്ടെത്തി ഇല്ലാതാക്കിയത്. സംസ്ഥാനത്തെ പൊലീസ് സേനയിൽ നിർണായക തസ്തികകളിൽ ജോലി ചെയ്തിട്ടുള്ള സിൻഹ ദീർഘകാലം ഇന്റലിജൻസ് വിഭാഗത്തെ നയിച്ചു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഇ–മെയിൽ വധഭീഷണി ഉൾപ്പെടെയുള്ള കേസുകൾ തെളിയിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്കായി. മാലദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുൽ ഗയൂം വധശ്രമക്കേസിലെ പ്രധാനിയെ പിടികൂടിയതും സിൻഹയുടെ നേതൃത്വത്തിലായിരുന്നു. തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, ഇന്റലിജൻസ് ഡിഐജി, തിരുവനന്തപുരം റേഞ്ച് ഡിഐജി, ഇന്റലിജൻസ് ഐജി, തിരുവനന്തപുരം റേഞ്ച് ഐജി, പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ ഐജി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

English Summary: SPG director Arun Kumar Sinha died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com