ഭീമൻ രഘുവിന്റെ ‘സ്റ്റാൻഡ് അപ് കോമഡി’; എത്ര ട്രോളിയാലും പ്രശ്നമില്ലെന്നു രഘു

Mail This Article
തിരുവനന്തപുരം ∙ അടുത്തിടെ സിപിഎമ്മിലേക്കു ചേക്കേറിയ നടൻ ഭീമൻ രഘു സംസ്ഥാന സിനിമ അവാർഡ് വിതരണവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച സമയമത്രയും ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു നിന്നത് ഇന്നലെ സമൂഹമാധ്യമങ്ങളിൽ വ്യാപകചർച്ചയായി. വ്യാഴാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിറ്റ് സദസ്സിന്റെ മുൻനിരയിൽ കൈകെട്ടി ഭാവഭേദമില്ലാതെ ഒറ്റനിൽപ്പിലായിരുന്നു രഘു. പ്രസംഗം അവസാനിച്ച് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്കു മടങ്ങിയപ്പോഴാണ് ഇരുന്നത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് ബിജെപി സ്ഥാനാർഥിയായ രഘു കഴിഞ്ഞ ഏപ്രിലിലാണ് എകെജി സെന്റർ സന്ദർശിച്ച് സിപിഎമ്മിലേക്ക് എത്തിയത്. അന്നു പാർട്ടി ഓഫിസിനു മുന്നിൽ നിന്നു വിപ്ലവ ഗാനം പാടിയ ശേഷമാണ് മടങ്ങിയത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സിനിമ അവാർഡ് വിതരണച്ചടങ്ങിൽ രഘുവിനു മുൻനിരയിൽ തന്നെ ഇരിപ്പിടം ലഭിച്ചു.
രഘുവിന്റെ കൗതുകമുണർത്തുന്ന നിൽപിന്റെ ദൃശ്യം പ്രചരിച്ചതോടെ ട്രോളുകളും നിറഞ്ഞു. എന്നാൽ, എത്ര ട്രോളിയാലും പ്രശ്നമില്ലെന്നാണു രഘുവിന്റെ നിലപാട്. ‘‘എഴുന്നേറ്റു നിന്നതിൽ എന്താണ് തെറ്റ്? അച്ഛന്റെ സ്ഥാനത്താണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ബഹുമാനം കൊണ്ടാണ് എഴുന്നേറ്റുനിന്നു പ്രസംഗം കേട്ടത്. അദ്ദേഹം ഏതു പരിപാടിക്കു വന്നാലും ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. നല്ലൊരു മുഖ്യമന്ത്രിയും അച്ഛനും കുടുംബനാഥനുമാണ് അദ്ദേഹം. എന്റെ അച്ഛന്റെ രീതിയോട് നല്ല സാമ്യമുണ്ടെന്നു ചില സമയത്ത് തോന്നാറുണ്ട്’’ – രഘു പറഞ്ഞു.
English Summary: Bheeman Raghu 'Stand up Comedy'