ADVERTISEMENT

ന്യൂഡൽഹി ∙ കേരള സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണി സേവനം അവസാനിപ്പിച്ചു. കാലാവധി രണ്ടാഴ്ചത്തേക്കു നീട്ടി നൽകിയിരുന്നെങ്കിലും തുടരാൻ അദ്ദേഹം വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം വേണുവിന്റെ സേവനം അവസാനിപ്പിക്കാനാണു സർക്കാർ നീക്കമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

ഇന്നു മുതൽ 30 വരെയാണ് കാലാവധി നീട്ടിനൽകിയിരുന്നത്. ഒരു ഔദ്യോഗിക കാര്യം പൂർത്തിയാക്കാൻ വേണ്ടിയാണ് കാലാവധി നീട്ടിയത്. എന്നാൽ, അതു റദ്ദായ സാഹചര്യത്തിൽ താൻ തുടരുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വേണു വ്യക്തമാക്കി. കത്ത് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 2 വർഷക്കാലം സർക്കാരിനൊപ്പം പ്രവർത്തിക്കാൻ അവസരം നൽകിയതിന് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവിൽ നടത്തിയ ഇടപെടലുകളുടെ റിപ്പോർട്ടുകളും കത്തിനൊപ്പം ചേർത്തിട്ടുണ്ട്. 

ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ.കെ.വി.തോമസുമായുള്ള അഭിപ്രായവ്യത്യാസമാണു പ്രശ്‌നം സൃഷ്ടിച്ചതെന്നാണു സൂചന. 

പിണറായി രണ്ടാം തവണ അധികാരമേറ്റ ശേഷം 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിച്ചത്. ചീഫ്‌ സെക്രട്ടറിക്കു തുല്യമായ റാങ്കിൽ ഒരു വർഷത്തേക്കുള്ള നിയമനം പിന്നീട് ഒരുവർഷം കൂടി നീട്ടിനൽകി. ഇതിനു ശേഷം 2023 ജനുവരിയിൽ കെ.വി.തോമസിനെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിച്ചു. ഇതോടെ വേണുവിന്റെ പദവി ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി (വിദേശ സഹകരണം) എന്നു മാറ്റി.

English Summary : Venu Rajamani ending his service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com