മുസ്ലിം സ്വീകാര്യതയിൽ ഇടിവ്; സിപിഎമ്മിന് ‘തട്ടം’ തട്ടുകേടായി
Mail This Article
കോഴിക്കോട് ∙ ഏക വ്യക്തിനിയമ വിഷയത്തിൽ മുസ്‍ലിം സമുദായ സംഘടനകളുമായുണ്ടാക്കിയ അടുപ്പം തട്ടം വിവാദത്തോടെ അഴിഞ്ഞുവീണ വിഷമത്തിൽ സിപിഎം. മലബാറിലെ മുസ്‍ലിം സമുദായത്തിലും സംഘടനകൾക്കിടയിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് ഉണ്ടാക്കിയ സ്വീകാര്യതയ്ക്കാണു സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ വിവാദ പ്രസ്താവനയോടെ ഇടിവു തട്ടിയത്.
മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തട്ടം അഴിപ്പിച്ചു വെച്ചതിൽ കമ്യൂണിസ്റ്റു പാർട്ടിക്കു പങ്കുണ്ടെന്നായിരുന്നു അനിൽകുമാറിന്റെ വിവാദ പ്രസംഗം. ഇതു വെറുമൊരു നാക്കുപിഴയല്ലെന്നും സിപിഎമ്മിന്റെ അടിസ്ഥാന സമീപനം ഇതാണെന്നും അതു സൗകര്യപ്രദമായ വേദിയിൽ പുറത്തുവന്നെന്നുമാണു മുസ്‌ലിം സംഘടനകളുടെ വിലയിരുത്തൽ. ഇക്കാരണത്താൽ അനിൽകുമാറിന്റെ ഖേദപ്രകടനത്തെയോ സിപിഎമ്മിന്റെ തള്ളിപ്പറയലിനെയോ അവർ കാര്യമായി എടുത്തിട്ടില്ല.
പെൺകുട്ടികളുടെ തട്ടം അഴിപ്പിക്കാൻ സിപിഎം ശ്രമിക്കേണ്ടെന്നു രൂക്ഷമായ വിമർശനം ഉന്നയിച്ച് മുസ്‌ലിം ലീഗും പോഷക സംഘടനകളായ യൂത്ത് ലീഗും എംഎസ്എഫും രംഗത്തു വന്നു. മലബാറിൽ ഗണ്യമായ സ്വാധീനമുള്ള ഇകെ വിഭാഗം സമസ്തയുടെ മുതിർന്ന പണ്ഡിതരും പോഷക സംഘടനകളും പ്രതിഷേധിച്ചു. മുജാഹിദ് വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം അനിൽകുമാറിനും സിപിഎമ്മിനും എതിരെ രംഗത്തെത്തി. എന്നാൽ, ഇകെ വിഭാഗം നേതൃത്വം പ്രസംഗത്തെ തള്ളി രംഗത്തു വരാത്തതിനെതിരെ സംഘടനയ്ക്കുള്ളിൽ തന്നെ വിമർശനമുണ്ട്. സിപിഎമ്മിനെ അനുകൂലിക്കുന്ന കാന്തപുരം വിഭാഗവും പ്രസംഗവിവാദത്തിൽ കാര്യമായ പ്രതിഷേധം ഉയർത്തിയിട്ടില്ല.
തിരുത്തിയാൽ പോരാ; സിപിഎം വിശദീകരിക്കണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം ∙ മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായത് സിപിഎമ്മിന്റെ നേട്ടമാണെന്ന കെ.അനിൽകുമാറിന്റെ പ്രസ്താവന തിരുത്തിയതുകൊണ്ടു മാത്രം പ്രശ്നം തീരുന്നില്ലെന്നും ഇത്തരം സമീപനം സിപിഎമ്മിന് എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കണമെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ ചിന്തകൾക്കപ്പുറമായി മുസ്‌ലിം വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ബിജെപിയോടും സംഘപരിവാർ സംഘടനയോടും കിടപിടിക്കുന്ന സമീപനമാണ് സിപിഎം പുലർത്തുന്നത്. ജില്ലയിലുൾപ്പെടെ മുസ്‍ലിം സമുദായം വിദ്യാഭ്യാസ രംഗത്തു നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ചു ബോധ്യമുള്ള ഒരാളും ഇത്തരം വിവരക്കേട് വിളിച്ചുപറയില്ല. ഒരു മതവിഭാഗത്തിന്റെ വിശ്വാസപരമായ വസ്ത്രധാരണ രീതി മാറ്റിക്കാൻ കഴിഞ്ഞു എന്നത് വിപ്ലവമാക്കി പറയുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Veil statement setback for CPM