വിഴിഞ്ഞത്ത് ആദ്യകപ്പൽ കരതൊട്ടു; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

Mail This Article
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തിന്റെ ബെർത്തിൽ ആദ്യ ചരക്കുകപ്പലായ ഷെൻഹുവ–15 മുത്തമിട്ടു. തുറമുഖത്തേക്കുള്ള 3 ക്രെയിനുകളുമായി ചൈനയിലെ സെഡ് എംപിഎസ് കമ്പനിയുടെ കപ്പൽ രാവിലെ 11.10നാണു ബെർത്തിൽ അടുത്തത്. 3 ടഗ് ഷിപ്പുകളുടെ അകമ്പടിയോടെ എത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
ബെർത്തിൽനിന്നു 10 കിലോമീറ്റർ അകലെ രാവിലെ എട്ടോടെയാണു കപ്പൽ എത്തിയത്. കപ്പലിനു സമീപം 9.42ന് ടഗ് ഷിപ് എത്തി. ഇതിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റൻമാരായ തുഷാർ, സച്ചിൻ എന്നിവർ കപ്പലിൽ കയറി നിയന്ത്രണം ഏറ്റെടുത്തു. 11.10നു കപ്പൽ ബെർത്തിൽ എത്തി. തലസ്ഥാനം കേന്ദ്രമായ വാട്ടർലൈൻ ഷിപ്പിങ് കമ്പനിയിലെ 16 അംഗ യുവസംഘമാണ് കപ്പലിനെ വടങ്ങളുപയോഗിച്ചു ബെർത്തിൽ ബന്ധിച്ചത്. കപ്പൽ അടുത്തതോടെ, കരയിൽ ആകാംക്ഷയോടെ കാത്തുനിന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമുൾപ്പെട്ട സംഘം ആഹ്ലാദാരവം മുഴക്കി.
കപ്പലിന്റെ ക്യാപ്റ്റൻ ചൈനയിൽ നിന്നുള്ള സാവോ ഹുയ് യെ വിസിലാണ്. ക്യാപ്റ്റനെയും സംഘത്തെയും മെമന്റോ നൽകി സ്വീകരിച്ചു. വിദേശികളായതിനാൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള 30 അംഗ ക്രൂവിന് കരയിൽ ഇറങ്ങാനാവില്ല. 15നാണു കപ്പലിനുള്ള ഔദ്യോഗിക സ്വീകരണം. 16ന് ക്രെയിനുകൾ ഇറക്കുന്ന ജോലി തുടങ്ങും. 20നു കപ്പൽ മടങ്ങും.