ADVERTISEMENT

തിരുവനന്തപുരം ∙ അവകാശവാദങ്ങളുയർത്തിയ രാഷ്ട്രീയത്തിരയിളക്കത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യകപ്പൽ ‘ഔദ്യോഗികമായി’ ബെർത്തിൽ അണഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, അദാനി പോർട്സ് സിഇഒ കരൺ അദാനി, മന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശി കപ്പലിനെ സ്വാഗതം ചെയ്തു. രാഷ്ട്രീയഭേദമെന്യേ നേതാക്കൾ പങ്കെടുത്ത സ്വീകരണച്ചടങ്ങിൽ പക്ഷേ ഓരോരുത്തരും ഉയർത്തിയത് ‘ക്രെഡിറ്റി’ന്റെ രാഷ്ട്രീയം. 

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും സംഭാവനകൾ എടുത്തുപറഞ്ഞാണു മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷ പ്രസംഗം നടത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ചു പരാമർശമുണ്ടായിരുന്നില്ല. എന്നാൽ 2017ൽ തന്റെ ആദ്യ സർക്കാരിന്റെ കാലത്ത് ബെർത്ത് നിർമാണം തുടങ്ങിവച്ചത് എടുത്തുപറഞ്ഞു. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ലെന്നു പറഞ്ഞു പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി, പദ്ധതിയെ എതി‍ർത്തതു രാജ്യാന്തര ലോബികളും വാണിജ്യ താൽപര്യക്കാരുമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.

പിന്നീടു പ്രസംഗിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ, കഴിഞ്ഞ 9 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ പ്രതിഫലനമാണു വിഴിഞ്ഞം തുറമുഖമെന്ന അവകാശവാദമുന്നയിച്ചു. 9 വർഷം ഇന്ത്യയുടെ അടിസ്ഥാന വികസനരംഗത്തുണ്ടായ നേട്ടങ്ങളുടെ തൊപ്പിയിൽ പൊൻതൂവലാണു തുറമുഖമെന്നും മുരളീധരൻ അവകാശപ്പെട്ടു. അദാനി കമ്പനിയെ ഒഴിച്ചുനിർത്തിയാൽ പദ്ധതിയുടെ മുഴുവൻ പണവും മുടക്കുന്നതു സംസ്ഥാന സർക്കാരാണെന്നും, ഇതു സംസ്ഥാന പദ്ധതിയാണെന്നും കേന്ദ്രമന്ത്രിയെ ഓർമിപ്പിച്ചായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസംഗം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എല്ലാ ക്രെഡിറ്റും ഉമ്മൻ ചാണ്ടിക്കാണു നൽകിയത്. കടൽക്കൊള്ളയാണെന്നും 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്നുമുള്ള ആരോപണത്തിന്റെ കുന്തമുന നെഞ്ചിൽ തറച്ചപ്പോൾ പതറാതെ, പിന്തിരിഞ്ഞോടാതെ തുറമുഖം യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണെന്നു സതീശൻ പറഞ്ഞു. 

എം.വി.രാഘവൻ തുറമുഖ മന്ത്രിയായിരിക്കെ, കെ.കരുണാകരൻ മന്ത്രിസഭ പ്രഖ്യാപിച്ച പദ്ധതിയാണു വിഴിഞ്ഞമെന്ന ചരിത്രം ഡോ.ശശി തരൂർ എംപി ഓർമിപ്പിച്ചു. വിഎസ് സർക്കാരിന്റെ കാലത്തെ ടെൻഡർ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഉമ്മൻ ചാണ്ടിയുടെ സർക്കാരാണു പദ്ധതി മുന്നോട്ടുകൊണ്ടുപോയതെന്നും, ഗൗതം അദാനി ബിഡ് ചെയ്യാൻ താനും കാരണക്കാരനായെന്നും തരൂർ അവകാശപ്പെട്ടു. ഉമ്മൻ ചാണ്ടിക്കും പിണറായി വിജയനും കരൺ അദാനി നന്ദി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയും നിർമാണം തുടരാനാകാതെ വെല്ലുവിളി നേരിട്ട ഘട്ടത്തിൽ ധൈര്യം നൽകിയതു മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് കരൺ അദാനി പറഞ്ഞു. ആരുടെയെങ്കിലും നേട്ടം എന്നതിലുപരി, മൂന്നരക്കോടി മലയാളികളുടെ നേട്ടമായാണു സർക്കാർ ഈ പദ്ധതിയെ കാണുന്നതെന്നായിരുന്നു മന്ത്രി കെ.രാജന്റെ വാക്കുകൾ.

ക്രെയിനുകളുമായെത്തിയ ആദ്യ ചരക്കുകപ്പൽ ചൈനയിലെ ഷെൻ ഹുവ 15നെയാണു സ്വീകരിച്ചത്. ഇന്നു ക്രെയിനുകൾ ഇറക്കിത്തുടങ്ങും. 12നു വിഴിഞ്ഞത്ത് ബെർത്ത് ചെയ്ത കപ്പൽ നാലു ദിവസത്തിനകം തീരം വിടും.

English Summary:

Welcome to the First Ship at Vizhinjam Port

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com