ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ ഐടി പാർക്കുകളിൽ 5000 തൊഴിലവസരം നൽകി,1000 കോടിയിലധികം രൂപ നിക്ഷേപിക്കുന്ന കോ–ഡവലപ്പർക്ക് വാടക സൗജന്യമാക്കും. 3000 തൊഴിലും 1000 കോടി വരെ നിക്ഷേപവുമാണെങ്കിൽ വാടകയുടെ 25% നൽകിയാൽ മതി. 2000 തൊഴിലും 500 കോടി വരെ നിക്ഷേപവുമാണെങ്കിലും 25% വാടക മതി. 1000 തൊഴിലും 250 കോടി വരെ നിക്ഷേപവുമാണെങ്കിൽ 50% വാടക.

എന്നാൽ 5 വർഷത്തിനുശേഷം പ്രകടനം വിലയിരുത്തുമ്പോൾ വാഗ്ദാനം പാലിച്ചില്ലെങ്കിൽ പലിശസഹിതം മുഴുവൻ വാടകയും ഈടാക്കും. 100 കോടി രൂപ വരെ നിക്ഷേപിച്ചാൽ 50% വാടക ആദ്യവും ബാക്കി 10 വാർഷിക ഗഡുക്കളായും നൽകിയാൽ മതി. 

99 വർഷത്തേക്കു ഭൂമി വാടകയ്ക്കെടുക്കാനും വാടകത്തുകയിൽ 75% വരെ സർക്കാരിന്റെ താൽക്കാലിക ഓഹരിയാക്കി മാറ്റാനുമുള്ള അവസരവുമുണ്ട്. ഭിന്നശേഷിക്കാർ, വനിതകൾ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്കു ജോലി നൽകിയാൽ വാടകയിൽ 5–10% കിഴിവു നൽകും. സംസ്ഥാനത്തെ 3 സർക്കാർ ഐടി പാർക്കുകളിലായി രണ്ടു കോടി ചതുരശ്രയടി ഐടി സ്പേസാണുള്ളത്. ആയിരത്തിലധികം കമ്പനികൾ ഒന്നര ലക്ഷത്തിലധികം ജോലി നൽകുന്നു.

സർക്കാർ സ്ഥാപനങ്ങൾക്കിടയിലും പുറത്തേക്കുമുള്ള ഡേറ്റാ കൈമാറ്റത്തിനായി ഡേറ്റാ നയം രൂപീകരിക്കണമെന്നും സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സൊസൈറ്റികൾ എന്നിവയ്ക്കായി വിവര സുരക്ഷാ നയം രൂപീകരിക്കണമെന്നും ഐടി നയം നിർദേശിക്കുന്നു.

5 വർഷത്തിനകം 20,000 സ്റ്റാർട്ടപ്

ഐടി മേഖലയിൽ 5 വർഷംകൊണ്ട് 5 ലക്ഷം തൊഴിലവസരമുണ്ടാക്കുമെന്നു നയം പറയുന്നു. സ്റ്റാർട്ടപ്പ് മേഖലയിൽ മാത്രം 20,000 കമ്പനികളും 2 ലക്ഷം തൊഴിലും 10,000 കോടിയുടെ നിക്ഷേപവും വരും. കൈറ്റ് വഴി 1 മുതൽ 10 വരെ ക്ലാസുകളിൽ ഐസിടി പാഠപുസ്തകങ്ങൾ നൽകും. 25 ലക്ഷം വിദ്യാർഥികൾക്കു റോബട്ടിക്സ്, എഐ എന്നിവയിൽ പരിശീലനം നൽകും.

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ രൂപീകരിക്കും

കേരള സ്റ്റാർട്ടപ് മിഷൻ മാതൃകയിൽ കേരള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ രൂപീകരിക്കും. ‍ഡിജിറ്റൽ സാങ്കേതികവിദ്യ വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്തുക, അടിസ്ഥാന സൗകര്യമൊരുക്കുക എന്നിവയാകും ചുമതല. 5 വർഷത്തേക്കുള്ള മിഷനു വേണ്ടി വർഷം 100 കോടി രൂപ വീതം വകയിരുത്തണം.

പഴയ കെട്ടിടത്തിന് പുതിയ പെയിന്റ്

കേരളത്തിന്റെ കരട് ഐടി നയം പഴയ കെട്ടിടത്തിന് പുതിയ പെയിന്റ് അടിക്കാൻ ശ്രമിക്കുന്നതുപോലെയാണ്. നയം 10 വർഷത്തോളം പിന്നിലാണ്. 2017ലെ നയത്തിൽ പറഞ്ഞിരുന്ന മോഹന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി നിറഞ്ഞ സർക്കാർ പരാജയപ്പെട്ടു. അന്നു വാഗ്ദാനം ചെയ്ത 2.5 ലക്ഷം തൊഴിലവസരം എവിടെ? പുതിയ ഐടി പാർക്കുകൾ എവിടെ? നിർമിക്കുമെന്ന് പറഞ്ഞ ഒരു കോടി ഐടി സ്പേസ് എവിടെ? 2017ലെ നയപ്രഖ്യാപനം മുതൽ ഇന്നുവരെയുള്ള ഐടി നേട്ടങ്ങളുടെ റിപ്പോർട്ട് കാർഡ് അവതരിപ്പിക്കാൻ സർക്കാരും മുഖ്യമന്ത്രിയും തയാറാകണം. - രാജീവ് ചന്ദ്രശേഖർ,  കേന്ദ്ര ഐടി സഹമന്ത്രി 

English Summary:

Private IT Park: No rent if invest thousand crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com