വ്യാജ ആധാർ കാർഡുകൾ: അന്വേഷണം നിലച്ചു
Mail This Article
കോട്ടയം ∙ ഒടിപി (വൺടൈം പാസ്‌വേഡ്) വേണ്ടാത്ത ആധാർ സേവനങ്ങൾക്കു വ്യാജ ആധാർ കാർഡുകൾ ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. രാമപുരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയിലെ യുവജനസംഘടനാ നേതാവ് വ്യാജ ആധാർ കാർഡുമായി വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.
രാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്ന സംഘം സംസ്ഥാനത്തു പ്രവർത്തിക്കുന്നതായി സൂചന ലഭിച്ചു. വിശദമായ അന്വേഷണത്തിനു പൊലീസ് തയാറെടുക്കുന്നതിനിടെ ‘മുകളിൽ’ നിന്ന് ഇടപെടലുണ്ടായി. അതോടെ അന്വേഷണം നിലച്ച മട്ടായി.
രാമപുരം ഏഴാച്ചേരി എടക്കരയിൽ ഡെന്നി തോമസിന്റെ മകൻ ടോമിൻ ഡെന്നിയുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ചു നിർമിച്ച വ്യാജ ആധാർ കാർഡുമായാണു ‘നേതാവ്’ വോട്ട് ചെയ്യാനെത്തിയത്. ടോമിൻ ഡെന്നിയുടെ ചിത്രത്തിന്റെ സ്ഥാനത്തു ജോബിൻ സെബാസ്റ്റ്യൻ എന്നയാളുടെ ചിത്രമാണുണ്ടായിരുന്നത്. എന്നാൽ പേരും മറ്റു വിവരങ്ങളും ടോമിൻ ഡെന്നിയുടേതും. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനായിരുന്നു രാമപുരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്.
ആധാർ കാർഡിലെ ചില വിവരങ്ങൾ മാത്രം മാറ്റിയാണു വ്യാജ കാർഡ‍് നിർമിക്കുന്നത്. ചിലതിൽ ഫോട്ടോയും പേരും മാത്രം മാറ്റും, മറ്റു വിവരങ്ങൾ യഥാർഥ ആധാർ ഉടമയുടേതു തന്നെയായിരിക്കും. പാൻ കാർഡും ഇത്തരത്തിൽ നിർമിക്കുന്നുണ്ടെന്നു സൂചനയുണ്ട്.
ആധാർ കാർഡിന്റെ പകർപ്പു മാത്രം നൽകിയാൽ പഴ്സനൽ ലോൺ നൽകുന്ന ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളുണ്ട്. ഇവിടെ നിന്നു വ്യാജ ആധാറും പാൻ കാർഡും ഉപയോഗിച്ചു വായ്പയെടുത്ത ശേഷം തിരിച്ചടവിൽ മുടക്കം വരുത്തും. കാർഡിലെ വിലാസത്തിൽ ബന്ധപ്പെടുമ്പോഴാണു തട്ടിപ്പു പുറത്തു വരുന്നത്.