പെൻഷൻ കൊടുത്തിട്ടു മതി കിരീടം വച്ചുള്ള പിണറായിയുടെ യാത്ര: മറിയക്കുട്ടി
Mail This Article
അടിമാലി ∙ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു പിച്ചച്ചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി ചാക്കോയ്ക്കു ജൂലൈയിലെ പെൻഷൻ തുക ഇന്നലെ ലഭിച്ചു. എന്നാൽ ഇവർക്കൊപ്പം പ്രതിഷേധിച്ച അന്ന ഔസേപ്പിനു പെൻഷൻ തുക ലഭിച്ചില്ല.
സർക്കാർ അനുവദിച്ച ക്ഷേമ പെൻഷൻ അടിമാലി സർവീസ് സഹകരണ ബാങ്ക് വഴി ഇന്നലെ ഉച്ചയോടെ ജീവനക്കാർ മറിയക്കുട്ടിയുടെ വീട്ടിൽ എത്തിച്ചു നൽകി. നവംബർ ഒഴികെ 3 മാസത്തെ പെൻഷൻ ഇനിയും മറിയക്കുട്ടിക്കു ലഭിക്കാനുണ്ട്.
അന്നയ്ക്കുള്ള ഒരു മാസത്തെ പെൻഷൻ അടുത്ത ദിവസം പോസ്റ്റ് ഓഫിസ് വഴി എത്തുമെന്ന് ഈറ്റ – കാട്ടുവള്ളി – തഴ ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി.അലക്സാണ്ടർ പറഞ്ഞു. മസ്റ്ററിങ് നടക്കാത്തതിനാൽ ജൂലൈ വരെയുള്ള ഇവരുടെ പെൻഷൻ റദ്ദായെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണു മസ്റ്ററിങ് നടന്നത്. അതിനാൽ ജൂലൈ മുതലുള്ള പെൻഷനാകും അന്നയ്ക്കു ലഭിക്കുകയെന്നും പറഞ്ഞു.
ആകെ ഒരു മാസത്തെ പെൻഷൻ ലഭിച്ചതിൽ ആർക്കും സ്തുതി പറയാനൊന്നും ഇല്ലെന്നു മറിയക്കുട്ടി പ്രതികരിച്ചു. ‘പെൻഷൻകാരെ അവഗണിക്കുന്ന സർക്കാരിനോട് ഇഷ്ടക്കുറവും ദേഷ്യവുമാണുള്ളത്.
പെൻഷൻ ലഭിക്കാത്ത എല്ലാവർക്കും വേണ്ടിയാണ് ചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിത്തിരിച്ചത്. എനിക്കു മാത്രമായി പെൻഷൻ കിട്ടിയിട്ടു കാര്യമില്ല. പെൻഷൻ ലഭിക്കാനുള്ള എല്ലാവർക്കും കൊടുത്തിട്ടുവേണം കിരീടം വച്ചുള്ള പിണറായിയുടെ യാത്ര – മറിയക്കുട്ടി പറഞ്ഞു.