പുതുവർഷ പുലരിയിലെ ബൈക്കപകടം ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുമ്പോൾ; പിന്നാലെ വന്ന യുവാവിനും ദാരുണാന്ത്യം

Mail This Article
തിരുവനന്തപുരം∙ പുതുവർഷപ്പുലരിയിൽ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ദേശീയപാത ബൈപാസിൽ ബൈക്കുകൾ അപകടത്തിൽപെട്ടു മറിഞ്ഞ് സുഹൃത്തുക്കളായ 2 യുവാക്കൾ മരിച്ചു. തിരുവല്ലം പാച്ചല്ലൂർ പാറവിള അൽ അക്ബർ ഹൗസിൽ ബഷീറിന്റെ മകൻ ബി. സെയ്ദ് അലി (22), വർക്കല വെട്ടൂർ മുനിക്കുന്ന് സ്വദേശിയും പൂജപ്പുര ജഗതി ടിസി 16/43ൽ താമസക്കാരനുമായ മണിലാലിന്റെ മകൻ ഷിബിൻ (25) എന്നിവരാണ് മരിച്ചത്.
റേസിങ്ങിനിടെ ബൈക്കിന്റെ സെന്റർ സ്റ്റാൻഡ് താഴ്ത്തി റോഡിൽ ഉരസി തീപ്പൊരി ചിതറിക്കാനായി ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സെയ്ദ് അലി ഓടിച്ചിരുന്ന ഈ ബൈക്കിനു പിന്നിൽ ഇടിച്ചാണ് ഷിബിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടത്. ഇവർക്കു മുൻപിൽ മറ്റൊരു ബൈക്കിൽ പോയ സുഹൃത്ത് മത്സരയോട്ടം മൊബൈൽ ഫോണിൽ പകർത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ഞായർ രാത്രി 12ന് തിരുവല്ലം ബൈപാസിൽ മുട്ടത്തറ കല്ലൂംമൂട് പാലത്തിനു മുകളിലായിരുന്നു അപകടം.
പൊലീസ് പറഞ്ഞത്: പുതുവർഷ ആഘോഷത്തിന് ബൈക്കുകളിൽ എത്തിയ സംഘം ഈഞ്ചയ്ക്കലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം കോവളം ബീച്ചിലേക്കു പോകുകയായിരുന്നു. പതിവായി ബൈക്ക് റേസിങ് നടത്തുന്നയാളാണ് സെയ്ദ് അലി. ഇൻസ്റ്റഗ്രാം റീലിനായി സുഹൃത്തായ അമൽ മറ്റൊരു സുഹൃത്തിനൊപ്പം ബൈക്കിൽ ഇരുന്നു ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പാലത്തിൽ കയറിയ സമയത്ത് ബൈക്കിന്റെ സെൻട്രൽ സ്റ്റാൻഡ് താഴ്ത്തി റോഡിൽ ഉരസി തീപ്പൊരി പറത്തി.
വാഹനം ചെരിക്കുന്നതിനിടെ സ്റ്റാൻഡ് റോഡിൽ കുത്തനെ ഇടിച്ച് ബൈക്കിന്റെ നിയന്ത്രണം വിടുകയും മേൽപാലത്തിലെ മതിലിലും സിഗ്നൽ തൂണിലും ഇടിച്ച് മറിയുകയുമായിരുന്നു. തൊട്ടുപിന്നാലെ വന്ന ഷിബിന്റെ ബൈക്ക്, റോഡിൽ വീണു കിടന്ന സെയ്ദ് അലിയുടെ ബൈക്കിൽ ഇടിച്ച് അപകടത്തിൽപെട്ടു. സൈഡ് വാളിൽ ഇടിച്ചു തെറിച്ച് ഷിബിനും വീണു.