വീണ്ടും കെട്ടിട സെസ് പിരിവ്; നോട്ടിസ് അയച്ചു തുടങ്ങി
Mail This Article
തിരുവനന്തപുരം∙ ഒരിടവേളയ്ക്കു ശേഷം കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് പിരിവ് സർക്കാർ വീണ്ടും ഉൗർജിതമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനായി ക്ഷേമനിധി ബോർഡിൽ നിന്നു 100 കോടി രൂപ സർക്കാർ ആവശ്യപ്പെട്ടതോടെയാണ് വീണ്ടും പിരിവുമായി ഉദ്യോഗസ്ഥർ ഇറങ്ങുന്നത്. വർഷങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയാക്കിയ വീടുകൾക്കു വരെ പതിനായിരങ്ങൾ സെസ് ആയി അടയ്ക്കേണ്ടിവരും. മുൻപ് സെസ് അടയ്ക്കാത്തവർക്കാണു ഡിമാൻഡ് നോട്ടിസ് ലഭിക്കുക. മിക്ക ജില്ലകളിലെയും ലേബർ ഓഫിസർമാർ കെട്ടിട ഉടമകൾക്ക് നോട്ടിസ് അയച്ചുതുടങ്ങി.
കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികൾ നൽകേണ്ട സെസിൽ നിന്നാണു തൊഴിലാളികൾക്കു ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 1995 നവംബറിനു മുൻപ് നിർമിച്ച കെട്ടിടങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്കും സെസ് ഇല്ല. 1996 ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമ പ്രകാരം ബിൽഡിങ് സെസ് ബാധകമാകുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിന്റെ പകർപ്പു തദ്ദേശ സ്ഥാപനങ്ങൾ ലേബർ ഓഫിസർക്കു നൽകണം. ലേബർ ഓഫിസർമാരാണു നോട്ടിസ് നൽകി തുക പിരിച്ചെടുക്കുക.
10 ലക്ഷം രൂപയിൽ കൂടുതൽ ചെലവു വന്നാൽ സെസ് ബാധകമാകും. 10 ലക്ഷത്തിൽ താഴെ നിർമാണച്ചെലവുള്ളതും 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്രയടി) താഴെ വിസ്തീർണമുള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് സെസ് നൽകേണ്ട. വാണിജ്യ കെട്ടിടങ്ങൾക്കു നൽകണം. കെട്ടിടങ്ങളുടെ തറ വിസ്തീർണവും (പ്ലിന്ത് ഏരിയ) കാലപ്പഴക്കവും അനുസരിച്ചാണ് സെസ് നിർണയിക്കുക. പുതിയ കെട്ടിടങ്ങൾക്ക് ഓൺലൈനായി തദ്ദേശസ്ഥാപനങ്ങൾ വഴി സെസ് പിരിച്ചെടുക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കുടിശിക പിരിച്ചെടുക്കുന്നത് തൊഴിൽ വകുപ്പ് നേരിട്ടാണ്.