എക്സാലോജിക്: കെഎസ്ഐഡിസി നേരിട്ട് കക്ഷിയെന്ന് ആർഒസി; മുഖ്യമന്ത്രിയുടെ മകളുടെ വാദങ്ങൾ ഖണ്ഡിച്ച് റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള വിവാദ ഇടപാടുകളിൽ കെഎസ്ഐഡിസി നേരിട്ടു കക്ഷിയെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിഎംആർഎലിൽ 13.4% ഓഹരിപങ്കാളിത്തമുള്ള കെഎസ്ഐഡിസിക്ക് തീർച്ചയായും സിഎംആർഎലിന്റെ ഇടപാടുകളെ നിയന്ത്രിക്കാൻ കഴിയുമെന്നു റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ വ്യവസായ നയം നടപ്പാക്കുന്ന ഏജൻസി കൂടിയാണ് കെഎസ്ഐഡിസി എന്നതും ആർഒസി ഓർമിപ്പിക്കുന്നു.
സിഎംആർഎലിൽ കെഎസ്ഐഡിസിക്കു പ്രത്യേക താൽപര്യമില്ലെന്നു സ്ഥാപിക്കുന്നതിന്, സിഎംആർഎൽ ഉൾപ്പെടെ 40 കമ്പനികളിൽ കെഎസ്ഐഡിസി നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആർഒസി മുൻപാകെ വീണ വാദിച്ചത്. എന്നാൽ, മറ്റു കമ്പനികളെക്കുറിച്ച് വീണയുടെ മറുപടിയിൽ പരാമർശിച്ചിട്ടില്ല. കെഎസ്ഐഡിസി വഴിയും ഈ വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യം റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്.