ADVERTISEMENT

മൂന്നാർ ∙ സിപിഎമ്മുമായി രണ്ടു വർഷമായി അകന്നുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്നു സൂചന. എന്നാൽ ഇക്കാര്യം രാജേന്ദ്രൻ നിഷേധിച്ചു. 

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെയാണു രാജേന്ദ്രന്റെ ബിജെപി പ്രവേശനം സംബന്ധിച്ച പ്രചാരണം വ്യാപകമായത്. 

ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കണ്ടു ചർച്ച നടത്തിയിരുന്നു. 

ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. 

മൂന്നാറിലെ തോട്ടം മേഖലയിൽ രാജേന്ദ്രനു സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണു ബിജെപിയുടെ ലക്ഷ്യം. 

ഇതിനായി പാർട്ടിയിലെ സ്ഥാനങ്ങളും വാഗ്ദാനം നൽകിയിരുന്നു. ഇതറിഞ്ഞതോടെ സിപിഎം നേതാക്കളും രംഗത്തിറങ്ങി. 

കഴിഞ്ഞ ജനുവരി 24നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഫെബ്രുവരി 9നു ജില്ലാ സെക്രട്ടറി സി.വി.വർഗീസും രാജേന്ദ്രനെ കണ്ടു സംസാരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎം സസ്പെൻഡ് ചെയ്തത്. മൂന്നു തവണ എംഎൽഎയായിരുന്നു രാജേന്ദ്രൻ. 

2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും ചില നേതാക്കളുമായുള്ള കടുത്ത ഭിന്നത കാരണം രാജേന്ദ്രൻ പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല.

പ്രചാരണം അടിസ്ഥാനരഹിതം

ബിജെപിയിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ബിജെപി ദേശീയ, സംസ്ഥാന നേതാക്കൾ ചർച്ചയ്ക്ക് എത്തിയിരുന്നു. അവരോടു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രചാരണം വ്യാജമാണ്. ഞാൻ ഇപ്പോഴും സിപിഎമ്മിൽ വിശ്വസിക്കുന്നയാളാണ്. പ്രശ്നങ്ങൾ തീർത്തു തിരിച്ചെത്താമെന്നാണു വിശ്വാസം.-എസ്.രാജേന്ദ്രൻ, മുൻ എംഎൽഎ

English Summary:

Controversy regarding S. Rajendran to BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com