ADVERTISEMENT

കോഴിക്കോട്∙ പെരുമാറ്റച്ചട്ടം നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച വിഡിയോഗ്രഫറെ എൽഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ തടഞ്ഞുവച്ച് ദൃശ്യങ്ങൾ മായ്പ്പിച്ച സംഭവത്തിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് എം.കൗൾ ജില്ലാ വരണാധികാരി കൂടിയായ കലക്ടറോടു റിപ്പോർട്ട് തേടി. സംഭവത്തിന് ആധാരമായ കാരണങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കലക്ടറോട് ആവശ്യപ്പെട്ടതായി സഞ്ജയ് കൗൾ മനോരമയോടു പറഞ്ഞു. നിരീക്ഷണ സംഘത്തിന്റെ പെരുമാറ്റങ്ങളും ക്യാമറാമാൻ ചിത്രീകരിച്ച വിഡിയോയും ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആദ്യ ദിവസം തന്നെ സിഇഒയുടെ ഓഫിസ് ജില്ലാ ഭരണകൂടത്തോട് വിവരം തേടിയെങ്കിലും, വേദിയിൽ കയറി പ്രസംഗകന്റെ തൊട്ടടുത്തു ചെന്നു ചിത്രീകരിച്ചതു വിഡിയോ സംഘത്തിന്റെ പിഴവാണെന്ന തരത്തിലായിരുന്നു റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണു വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിഡിയോഗ്രഫർക്ക് ഒപ്പമുണ്ടായിരുന്ന നിരീക്ഷണ ഉദ്യോഗസ്ഥൻ, പരാതി നൽകിയ യുഡിഎഫ് നേതാവ് പി.എം.നിയാസ് എന്നിവരിൽ നിന്നു കലക്ടർ മൊഴിയെടുത്തു. വിഡിയോഗ്രഫറുടെ ക്യാമറയിൽ നിന്നു ബലം പ്രയോഗിച്ചു മായ്ച്ചു കളഞ്ഞ ദൃശ്യങ്ങൾ പിന്നീട് പുനഃസ്ഥാപിച്ച് എടുപ്പിച്ചിട്ടുണ്ട്. കലക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഇഒയ്ക്കു തുടർനടപടികൾ തീരുമാനിക്കാം. അല്ലെങ്കിൽ സംഭവത്തിന്റെ ഗൗരവം പരിഗണിച്ചു ദേശീയ തിരഞ്ഞെടുപ്പു കമ്മിഷനു റിപ്പോർട്ട് കൈമാറാം.

കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടത്തിയ കായിക സംവാദം പരിപാടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിലെ പെരുമാറ്റച്ചട്ട ലംഘനം വിഡിയോഗ്രഫർ ചിത്രീകരിച്ചതിനു പിന്നാലെയായിരുന്നു നേതാക്കളുടെ ഇടപെടൽ. വിഡിയോഗ്രഫറെയും നിരീക്ഷകനെയും ഗ്രീൻ റൂമിലേക്കു കൂട്ടിക്കൊണ്ടു പോയി ക്യാമറയിലെ ദൃശ്യങ്ങളും ഫോണിലെ ശബ്ദരേഖയും മായ്പ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞാണു പുറത്തു വിട്ടത്. പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സംഭവത്തിൽ പരാതിയില്ലെന്നു വിഡിയോ സംഘത്തിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തു. 

‘‘പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നു മന്ത്രിക്കു നോട്ടിസ് നൽകിയിട്ടുണ്ട്. വിഡിയോഗ്രഫറെ തടഞ്ഞു ദൃശ്യങ്ങൾ മായ്പ്പിച്ചുവെന്ന ആക്ഷേപത്തിലും തുടർ നടപടികളുണ്ടാകും’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com