നിരീക്ഷക സംഘത്തെ കയ്യേറ്റം ചെയ്ത സംഭവം: വിഡിയോ മായ്പിച്ചിട്ടില്ലെന്നു കലക്ടർ; വീണ്ടും റിപ്പോർട്ട് തേടി സിഇഒ
Mail This Article
കോഴിക്കോട് ∙ തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റച്ചട്ട നിരീക്ഷണ സംഘത്തെ ഭീഷണിപ്പെടുത്തി ബലമായി വിഡിയോ ഡിലീറ്റ് ചെയ്യിച്ചിട്ടില്ലെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് (സിഇഒ) കലക്ടർ റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ടിലെ അവ്യക്തത ചൂണ്ടിക്കാട്ടി സിഇഒ കലക്ടറോടു വീണ്ടും വിശദീകരണം ചോദിച്ചിട്ടുണ്ട്. കലക്ടർ നൽകിയ റിപ്പോർട്ടിൽ പലയിടത്തും അവ്യക്തതകളുണ്ടെന്നാണു സിഇഒ ഓഫിസിന്റെ നിഗമനം.
നിരീക്ഷണ സംഘം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതിനിടെ കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ നേതൃത്വത്തിൽ വിഡിയോഗ്രഫറെ പിറകിലേക്കു കൂട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ മായ്പ്പിച്ചെന്നാണ് ആരോപണം ഉയർന്നത്. വേദിക്കു പിറകിലെ മുറിയിൽ വച്ചു ഡിലീറ്റ് ചെയ്യപ്പെട്ട വിഡിയോ പിന്നീടു സാങ്കേതിക സഹായത്തോടെ ക്യാമറയിൽ വീണ്ടെടുത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു കൈമാറിയതായി വിവരമുണ്ട്. തുടർന്നാണു വിഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നു റിപ്പോർട്ട് ഉണ്ടായതും കലക്ടർ അതു സിഇഒയ്ക്കു നൽകിയതും.
അനാവശ്യ വിവാദം: മന്ത്രി റിയാസ്
കോഴിക്കോട്∙ തന്റെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നു യുഡിഎഫ് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നുവെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി തനിക്കു കലക്ടർ നോട്ടിസ് നൽകിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വാർത്ത വന്നു പിന്നെയും 2 ദിവസം കഴിഞ്ഞാണു തന്റെ ഓഫിസിൽ നോട്ടിസ് കിട്ടിയത്. പ്രാഥമിക പരിശോധന നടത്താതെ തിടുക്കപ്പെട്ടാണോ നോട്ടിസ് നൽകിയത് എന്നു കലക്ടറാണു വ്യക്തമാക്കേണ്ടത്– മന്ത്രി പറഞ്ഞു.
ദൃശ്യങ്ങൾ സത്യം പറയും
∙ ക്യാമറയിൽ നിന്ന് ഒരിക്കൽ ഡിലീറ്റ് ചെയ്യപ്പെട്ട വിഡിയോ പിന്നീടു തിരിച്ചെടുത്താൽ ‘റിക്കവേഡ്’ (വീണ്ടെടുക്കപ്പെട്ടത്) എന്നു തന്നെയാകും ഫയലിൽ കാണിക്കുക. വിഡിയോ ഏതു സമയത്ത് എടുത്തു, ഏതു സമയത്ത് ഡിലീറ്റ് ചെയ്യപ്പെട്ടു, ഏതു സമയത്ത് തിരിച്ചെടുത്തു എന്നീ വിവരങ്ങളെല്ലാം ക്യാമറ ഡേറ്റയിൽ ഉണ്ടാവുകയും ചെയ്യും.