കമ്പംമെട്ടിലെ ഇരട്ടക്കൊല:പ്രതിക്ക് ജീവപര്യന്തം; വിധി ഭാര്യയുടെ അമ്മയെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ

Mail This Article
കട്ടപ്പന ∙ ഭാര്യയുടെ അമ്മയെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും ആറുലക്ഷം രൂപ പിഴയും. തേർഡ്ക്യാംപ് മൈലാടിയിൽ സുജിനെയാണ്(കണ്ണൻ-37) തൊടുപുഴ അഡീഷനൽ 4 ജില്ലാ ജഡ്ജി പി.എൻ.സീത ശിക്ഷിച്ചത്. കമ്പംമെട്ട് ചേലമൂട് പുത്തൻപുരയ്ക്കൽ ഓമന, മകൾ ബീന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
ഇന്ത്യൻ ശിക്ഷാനിയമം 302–ാം വകുപ്പുപ്രകാരം ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും 449–ാം വകുപ്പുപ്രകാരം 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവും അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ബീനയുടെ മകനു നൽകാനാണു വിധി.
2017ൽ ആയിരുന്നു സംഭവം. ഓമനയുടെ മറ്റൊരു മകളായ വിനീതയുടെ ഭർത്താവാണ് സുജിൻ. ഇയാളോടു പിണങ്ങി വീട്ടിലെത്തിയ വിനീതയെ തിരികെക്കൊണ്ടുപോകാനാണു പ്രതി എത്തിയത്. കാര്യങ്ങൾ സംസാരിച്ചു ധാരണയിലായശേഷം മകളെ കൊണ്ടുപോയാൽ മതിയെന്ന് ഓമന പറഞ്ഞതോടെ സുജിൻ ഇവരെ ആക്രമിച്ചു. തടയാൻ ശ്രമിച്ച മകൾ ബീനയെയും ആക്രമിച്ചു. ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയശേഷം പ്രതി ബൈക്കിൽ കടന്നുകളയുകയായിരുന്നു. ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ മേലേചിന്നാറിൽ നിന്നു നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കൊലപാതകം നേരിൽക്കണ്ട സമീപവാസിയായ രേഖയുടെ മൊഴി കേസിൽ നിർണായകമായി.
നെടുങ്കണ്ടം എസ്എച്ച്ഒ ആയിരുന്ന റെജി കുന്നിപ്പറമ്പനാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പ്രോസിക്യൂട്ടർ അഡ്വ. വി.എസ്.അഭിലാഷ് ഹാജരായി.