ADVERTISEMENT

കണ്ണൂർ ∙ ദാസൻ ഞാൻ തന്നെ; എന്റെ ലോക കാഴ്ചപ്പാടാണ് ദാസന്റെയും. അക്കാലത്ത് യുവാക്കൾ അസ്വസ്ഥരായിരുന്നു. ജോലിയില്ല, രാഷ്ട്രീയ സ്വപ്നം സഫലമാകാത്തതിലുള്ള നിരാശ, ലോകം നന്നാകില്ലെന്ന ഇരുണ്ട വീക്ഷണം; അന്ന് ഇങ്ങനെയൊരു കഥാപാത്രത്തെയേ സൃഷ്ടിക്കാനാകൂ. ആ അസ്വസ്ഥത അനുഭവിക്കാത്തവരാണ് അതിനെ കഞ്ചാവ് സാഹിത്യമെന്നു വിളിച്ചത്. ആധുനികമെന്ന് പറയാവുന്ന എഴുത്തിന്റെ മാനങ്ങളെ ലഘൂകരിക്കാൻ ശ്രമിച്ച മലയാളികളുടെ വികൃതിയാണത് – മയ്യഴിത്തീരത്തെ വെയിൽച്ചിരിയോടെ എം.മുകുന്ദൻ പറഞ്ഞു. 

മലയാള മനോരമയുടെ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവത്തിനു മുന്നോടിയായി നടത്തിയ ‘ഹോർത്തൂസ് വായന’ സംഗമത്തിലാണ് എഴുത്തുകാരൻ എം.മുകുന്ദനും ഷീല ടോമിയും എഴുത്തുവഴികളും അനുഭവങ്ങളും പങ്കുവച്ചത്. 

മയ്യഴിപ്പുഴയും തീരവുമാണ് തന്റെ എഴുത്തിനെയും 50–ാം വാർഷികം ആഘോഷിക്കുന്ന ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളിലെ ദാസനെയും രൂപപ്പെടുത്തിയതെന്ന് മുകുന്ദൻ പറഞ്ഞപ്പോൾ, ‘വല്ലി’ എന്ന തന്റെ ആദ്യ നോവലിന് പ്രചോദനം കബനിയും തീരവുമാണെന്ന് ഷീല ടോമി പറഞ്ഞു.

വയനാട് ദുരന്തത്തിനുശേഷം വല്ലിയിലെ ഒരു പാരഗ്രാഫ് അതേപോലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊടുങ്കാട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടി എന്ന് അതിലുള്ളത് പ്രവചനമല്ല. തോട്ടം വച്ചുപിടിപ്പിക്കാൻ ബ്രിട്ടിഷുകാർ കയറിയ കാലംമുതലുള്ള ആർത്തിപൂണ്ട സമീപനങ്ങൾ ഈ ദുരന്തങ്ങൾക്കു പിന്നിലുണ്ട്. 

പ്രകൃതിക്കായി സംസാരിച്ചാൽ പരിസ്ഥിതി തീവ്രവാദിയാകും. കാറ്റും മഞ്ഞുമുള്ള വയനാടിന്റെ നല്ലകാലത്ത് അവിടെ ജനിച്ചൊരാൾ എന്ന നിലയിലുള്ള എന്റെ വ്യഥകളാണ് വല്ലി – ഷീല ടോമി പറഞ്ഞു.

മനോരമ ബുക്സ് എഡിറ്റർ ഇൻചാർജ് തോമസ് ഡൊമിനിക്, കണ്ണൂർ സ്പെഷൽ കറസ്പോണ്ടന്റ് അനിൽ കുരുടത്ത്, സീനിയർ സബ് എഡിറ്റർ (മനോരമ ബുക്സ്) സഞ്ജീവ് എസ്.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. നവംബർ 1 മുതൽ 3 വരെ കോഴിക്കോട്ടാണ് ഹോർത്തൂസ് മഹാസംഗമം.

English Summary:

M Mukundan and Sheela Tomy shares ways of writing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com