കല, ജീവിതം, രാഷ്ട്രീയം... ; കൊച്ചിയിൽനിന്നു കോഴിക്കോട്ടെത്തിയ ബിനാലെ ദൃശ്യവിസ്മയങ്ങൾ ഹോർത്തൂസിൽ
Mail This Article
ഭാര്യയും ഭർത്താവുമൊന്നിച്ചാണ് ‘ഹോർത്തൂസി’ലെ ബിനാലെ പവിലിയൻ കാണാൻ പോകുന്നതെങ്കിൽ ‘എവിടെയാണ് നിങ്ങളുടെ അമ്മ ജീവിക്കുന്നത്? എവിടെയാണ് നിങ്ങളുടെ പ്രണയിനി ജീവിക്കുന്നത്?’ എന്ന ഇൻസ്റ്റലേഷനു സമീപം അൽപനേരമൊന്നു നിൽക്കണം.
അവിടെ നിലവിളക്കു മുതൽ അടുക്കളപ്പാത്രങ്ങൾവരെ നിരത്തിവച്ചൊരു കലാശിൽപം കാണാം. അത് എന്താണെന്നു വിശദീകരിച്ചു തരേണ്ടതില്ല. അടുക്കളയിലും വീട്ടകങ്ങളിലുമുള്ള സ്ത്രീകളുടെ ദുരിതം മാത്രമല്ല, സ്ത്രീകൾക്കു മുന്നിലുള്ള ലക്ഷ്യങ്ങളുടെ ആകാശവും അവിടെ നിങ്ങൾക്കു കാണാനായേക്കും.
മനസ്സിലായില്ലെങ്കിൽ കലാകാരൻ എന്താണ് ഉദ്ദേശിച്ചതെന്നു വിശദീകരിച്ചു തരാൻ കലാസൃഷ്ടികൾക്കു തൊട്ടരികിൽ സഹായികളുണ്ടാവും. ചോദിക്കാൻ മടിക്കേണ്ട. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി മെയ്ത്ര ഹോസ്പിറ്റൽ അവതരിപ്പിക്കുന്ന കൊച്ചി ബിനാലെ പവിലിയൻ കലാരൂപങ്ങളുടെ സൗന്ദര്യത്തിനൊപ്പം രാഷ്ട്രീയ നിലപാടുകൂടി വ്യക്തമാക്കുന്നവയാണ്.
പല സംസ്ഥാനങ്ങളിലെ ആളുകൾ കാണുന്ന ഗാന്ധിജിക്കും അംബേദ്കറിനും പല രൂപങ്ങൾ, പല ഭാവങ്ങൾ. വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് വിവേക് വിലാസിനി പകർത്തിയ ഗാന്ധി – അംബേദ്കർ ശിൽപങ്ങളുടെ ഫോട്ടോ പ്രദർശനം ബിനാലെ കാണാനെത്തുന്ന കുട്ടികൾക്കും കൗതുകമാണ്.
ഒരുകാലത്ത് ആളുകൾ ഇരുന്നിരുന്ന 37 തരം കസേരകൾ, അവയുടെ ചെറു മാതൃകകളൊരുക്കി ഓരോന്നിന്റെയും കഥ പറയുകയാണ് ഡോക്ടർ കൂടിയായ ഇന്ദു ആന്റണി. ഒറ്റ ഗ്രാഫിക്സിൽ ജീവിതം മൊത്തമായി ചിത്രീകരിച്ചതാണ് ആർ.കീർത്തിയുടെ പെയിന്റിങ്. ലോകത്തെ ജീവിച്ചിരിക്കുന്നതും മൺമറഞ്ഞതുമായ സാഹിത്യ – കലാകാരന്മാരുടെ ഫോട്ടോകളാണ് മധു കപ്പുറത്ത് ഒരുക്കിയിരിക്കുന്നത്.
ചെറുജീവികളുടെ ആവാസവ്യവസ്ഥകളും അതിൽ മനുഷ്യൻ നടത്തുന്ന കടന്നുകയറ്റവുമാണു രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു ശേഖരിച്ച കളിമണ്ണുകൊണ്ട് സെലിൻ ജേക്കബ് തയാറാക്കിയിരിക്കുന്നത്. സ്ലേറ്റ് മാതൃകയിൽ ഒരുക്കിയ കാൻവാസിൽ വരച്ച ചിത്രങ്ങളാണ് കിരൺ ജേക്കബിന്റേത്.
മൈക്രോ സെക്കൻഡ്സ് വേഗത്തിൽ കടന്നുപോകുന്ന ജീവിതവും യുദ്ധത്തിലൂടെ ഇല്ലാതാകുന്ന മനുഷ്യരെയും അവതരിപ്പിക്കുന്ന ‘ഹിസ്റ്ററി ലാബ്’ പ്രദർശനത്തിൽ ടി.വി.സന്തോഷ് യുദ്ധദുരന്തത്തിന്റെ തീവ്രത ചിത്രീകരിച്ചിരിക്കുന്നത് മരം കൊണ്ടുള്ള ശിൽപങ്ങളൊരുക്കിയാണ്.
ബോസ് കൃഷ്ണമാചാരി സീനോഗ്രഫി നിർവഹിച്ച പ്രദർശനത്തിൽ 44 കലാകാരൻമാരുടെ സൃഷ്ടികളാണുള്ളത്. പി.എസ്.ജലജ, എസ്.എൻ.സുജിത്ത് എന്നിവരാണു ക്യൂറേറ്റ് ചെയ്യുന്നത്.