എഡിഎമ്മിന്റെ മരണം: റവന്യു റിപ്പോർട്ട് രഹസ്യമാക്കി സർക്കാർ
Mail This Article
തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്നും വിവരങ്ങൾ വെളിപ്പെടുത്തിയാൽ പൊലീസ് അന്വേഷണം തടസ്സപ്പെടുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ്. റിപ്പോർട്ടിന്റെ പകർപ്പ് തേടിയുള്ള ‘മനോരമ ന്യൂസി’ന്റെ വിവരാവകാശ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പിന്റെ കൂടി നിയന്ത്രണമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിചിത്ര മറുപടി.
തെളിവു സംരക്ഷണം: മഞ്ജുഷയുടെ ഹർജിയിൽ വിധി 3ന്
കണ്ണൂർ ∙ നവീൻ ബാബുവിന്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഡിസംബർ മൂന്നിനു വിധി പറയും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ അരുൺ കെ.വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷൻ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം. കലക്ടറും പ്രശാന്തും പ്രതികളല്ലാത്തതിനാൽ അവരുടെ ഫോൺ രേഖകൾ ആവശ്യപ്പെടുന്നത് സ്വകാര്യതയുടെ ലംഘനമാകില്ലേയെന്നു കോടതി സംശയം പ്രകടിപ്പിച്ചു. വിവരങ്ങൾ വാദിഭാഗത്തിനു കൈമാറേണ്ടതില്ലെന്നും ഭാവിയിൽ മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കുകയാണെങ്കിൽ അപ്പോൾ ഈ വിവരങ്ങൾ ലഭ്യമാകാനാണ് ഇവ സംരക്ഷിക്കാൻ ആവശ്യപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു. നവീന്റെ കുടുംബത്തിനു വേണ്ടി പി.എം.സജിത ഹാജരായി.
‘സഹപ്രവർത്തകർക്ക് ഭയം’
കൊച്ചി ∙ നവീൻ ബാബുവിന്റെ സഹപ്രവർത്തകർ അവർക്കറിയാവുന്ന വസ്തുതകൾ സംബന്ധിച്ചു മൊഴി നൽകാൻ മുന്നോട്ടു വന്നിട്ടില്ലെന്നും പി.പി.ദിവ്യയുടെ രാഷ്ട്രീയ സ്വാധീനവും കലക്ടറിൽനിന്നും പ്രതിയെ പിന്തുണയ്ക്കുന്ന സർക്കാർ സംവിധാനത്തിൽ നിന്നുമുള്ള ദ്രോഹനടപടികളും ഭയന്നാണിതെന്നും നവീന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ദിവ്യയ്ക്കു നിലവിലെ അന്വേഷണത്തെ എത്രത്തോളം നിയന്ത്രിക്കാമെന്നു വ്യക്തമാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് വൻ ഗൂഢാലോചന നടന്നെന്നു വിശ്വസിക്കാൻ കൃത്യമായ കാരണങ്ങളുണ്ട്. തെളിവു നശിപ്പിക്കാനും വ്യാജ തെളിവുണ്ടാക്കാനുമാണു ദിവ്യ ശ്രമിക്കുന്നതെന്നു സംശയിക്കാനും കാരണങ്ങളുണ്ടെന്നും പറയുന്നു.