ക്രിപ്റ്റോ ഇടപാടും പൊലീസ് വലയിൽ; ക്രിപ്റ്റോ കറൻസി കൈമാറ്റം നിരീക്ഷിക്കാൻ ടൂൾ സ്വന്തമാക്കി കേരള പൊലീസ്
Mail This Article
തിരുവനന്തപുരം ∙ ക്രിപ്റ്റോ കറൻസി വഴിയുള്ള സാമ്പത്തിക കൈമാറ്റം അറിയിക്കുന്ന നിരീക്ഷണ ടൂൾ ‘ചെയിൻ അനാലിസിസ്’ 45 ലക്ഷം രൂപയ്ക്കു കേരള പൊലീസ് സ്വന്തമാക്കി. പണം ക്രിപ്റ്റോയിലേക്കു മാറ്റിയാൽ തിരികെ കിട്ടാത്ത സ്ഥിതിക്കും മാറ്റം വരും. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവയാണ് ഈ ടൂൾ ഉപയോഗിക്കുന്നത്.
ഒരു ക്രിപ്റ്റോ വോലറ്റിൽനിന്നു മറ്റു ക്രിപ്റ്റോ വോലറ്റുകളിലേക്കു പണം മാറ്റിയാലും അവിടെനിന്നു വിദേശ അക്കൗണ്ടിലേക്കു മാറ്റിയാലും തട്ടിപ്പിനുപയോഗിച്ച മൊബൈൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും ഐപി വിലാസം ടൂൾ വഴി ലഭിക്കും. ഇതിലൂടെ പണം കൈമാറിയതും പിൻവലിച്ചതും ആരൊക്കെയെന്നു കണ്ടെത്താം. കള്ളപ്പണത്തിൽ ഇ.ഡിയുടെ പരിശോധന കർശനമാക്കിയതോടെ അഴിമതിപ്പണം കയ്യിൽ സൂക്ഷിക്കാതെ ക്രിപ്റ്റോ കറൻസിയിലേക്കു മാറ്റിസൂക്ഷിക്കാൻ സഹായിക്കുന്ന ഇടനിലസംഘങ്ങൾ കേരളത്തിലും സജീവമാണ്.
കേരളത്തിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമാകുന്ന പണം ഭൂരിഭാഗവും ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ഒഴുകുന്നതു തടയാനും പൊലീസിനു സാധിക്കും. കേന്ദ്രസർക്കാരിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) വഴി അനുമതി ലഭിച്ച ക്രിപ്റ്റോ വോലറ്റുകൾ മാത്രമേ പ്രവർത്തിക്കാനാകു. ഇൗ വോലറ്റുകളിൽ എപ്പോൾ പണം വന്നാലും അത് ഇൗ ടൂൾ കണ്ടെത്തും. ആ പണം മരവിപ്പിക്കാനും കണ്ടുകെട്ടാനും കേന്ദ്രസർക്കാരിനു സാധിക്കും.